കോൺഗ്രസിൽ പൊട്ടിത്തെറി: പ്രതിപക്ഷ നേതാവിന്റെ പിന്തുണയില്ല കെ.പി.സി.സി പ്രസിഡന്റ് പദവി ഒഴിയാമെന്ന് രാഹുൽ ഗാന്ധിക്ക് കെ.സുധാകരന്റെ കത്ത്

16

ആർ.എസ്. എസ് പ്രസ്താവനക്ക് പിന്നാലെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാൻ സന്നദ്ധതയറിയിച്ച് കെ സുധാകരൻ. രാഹുൽ ഗാന്ധിക്ക് കത്തയച്ചു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്. കെ.പി.സി.സിയും പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനിൽ നിന്നും തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും സുധാകരൻ കത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. താൻ സ്ഥാനമൊഴിഞ്ഞാൽ പകരം ചെറുപ്പക്കാർക്ക് പദവി നൽകണമെന്ന് സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു. അടിക്കടി സുധാകരന്‍  നടത്തുന്ന പ്രസ്താവനകളില്‍ കടുത്ത അതൃപ്തിയാണ് കോണ്‍ഗ്രസിലും യുഡിഎഫ് ഘടകകക്ഷികളിലുമുയരുന്നത്. സുധാകരനെതിരെ ഹൈക്കമാൻറിന് ഇതിനോടകം പരാതി ലഭിച്ചിട്ടുണ്ട്. ആര്‍.എസ്.എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനയിലെ ന്യായീകരണം തൊണ്ട തൊടാതെ വിഴുങ്ങാന്‍ നേതാക്കളില്‍ ഒരു വിഭാഗം തയ്യാറായിരുന്നില്ല. പിന്നാലെ വര്‍ഗീയതയോട് നെഹ്റു സന്ധി ചെയ്തുവെന്ന പ്രസ്താവന കൂടി വന്നതോടെ പാര്‍ട്ടി തന്നെ വെട്ടിലായിരിക്കുകയാണ്. സി.പി.എമ്മിനും ബിജെപിക്കും ഒരു പോലെ വടികൊടുത്തുവെന്ന പൊതുവികാരമാണ് കോൺഗ്രസിലും യു.ഡി.എഫിലുമുള്ളത്. പ്രാദേശിക തലങ്ങളില്‍ പോലും സുധാകരന്‍റെ പ്രസ്താവനക്കെതിരെ കടുത്ത അമര്‍ഷം ഉയരുകയാണ്. വാക്കുപിഴയെന്ന് ന്യായീകരിക്കാന്‍ സുധാകരന്‍ ശ്രമിച്ചെങ്കിലും ലീഗടക്കമുള്ള ഘടകകക്ഷികള്‍ കടുത്ത പ്രതിഷേധത്തിലാണ്.കെ സുധാകരന്റെ പ്രസ്താവനകൾ ഗൗരവതരമാണെന്നും കോൺഗ്രസ് പരിശോധിക്കുമെന്നുമാണ് വിഡി സതീശൻ മാധ്യമങ്ങളെ കഴിഞ്ഞ ദിവസം അറിയിച്ചത്. വിവാദ പ്രസ്താവന നാക്കുപിഴയാണെന്നാണ് സുധാകരൻ പറഞ്ഞതിനെ അംഗീകരിച്ച് വിവാദം അവസാനിപ്പിക്കാനാണ് ദേശീയ നേതൃത്വം ശ്രമിക്കുന്നതെങ്കിലും ചർച്ച അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഒരു വിഭാഗം എം.പിമാരും എ.ഐ.സി.സി അധ്യക്ഷൻ ഖാർഗെക്ക് സുധാകരനെതിരെ കത്ത് നൽകിയിട്ടുണ്ട്. ഇതിനിടെ നാളെ ചേരാനിരുന്ന രാഷ്ട്രീയ കാര്യ സമിതി യോഗം മാറ്റി വെച്ചു.

Advertisement
Advertisement