ഗവർണർക്കെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി; ‘ഭീഷണിപ്പെടുത്തുന്നോ’ ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ച് വർത്തമാനം പറയണമെന്ന് ആരിഫ് മുഹമ്മദ് ഖാനോട് പിണറായി

0

‘നിയമനത്തില്‍ എന്തെങ്കിലും പിശകുണ്ടെങ്കില്‍ അന്വേഷിക്കട്ടെ. നടപടിയെടുക്കട്ടെ. അതിനൊന്നും ആരും തടസ്സമല്ല’.

Advertisement

സര്‍വകലാശാല നിയമന വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ അതിരൂക്ഷ വാഗ്വാദങ്ങള്‍ മുമ്പും നടന്നിരുന്നുവെങ്കിലും ആദ്യമായിട്ടാണ് രൂക്ഷ വിമര്‍ശനമുയര്‍ത്തി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വര്‍ത്തമാനമെന്നും എന്ത് അസംബന്ധവും വിളിച്ചുപറയാമെന്ന് കരുതേണ്ടെന്നും പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സർവകലാശാലയിൽ സ്വന്തം പേഴ്‌സണൽ സ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനം മുഖ്യമന്ത്രി അറിയാതിരിക്കുമോ? മുഖ്യമന്ത്രിയറിയാതെ നിയമിക്കാൻ ചാൻസലർക്ക്‌ നിർദേശം വന്നെന്നു പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? എന്ന ഗവര്‍ണറുടെ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ബന്ധുവായതിനാല്‍ അര്‍ഹതപ്പെട്ട ജോലി ലഭിക്കരുതെന്നാണോ പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവും ഒരു വ്യക്തിയാണ്. അവര്‍ക്കും നിയമപരമായി ലഭിക്കേണ്ട ജോലിക്ക് അപേക്ഷ നല്‍കാന്‍ അവകാശമുണ്ട്. പേഴ്‌സണല്‍ സ്റ്റാഫിന്റെ ബന്ധുവായതിനാല്‍ അപേക്ഷിക്കുമ്പോള്‍ മുഖ്യമന്ത്രിയെ അറിയിക്കണമെന്നൊക്കെ ആരെങ്കിലും ചിന്തിക്കുമോ. എന്ത് അസംബന്ധമാണ് ഗവര്‍ണര്‍ പറയുന്നത്. ഇതാണോ ചാന്‍സലര്‍ പദവി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

നിയമനത്തില്‍ എന്തെങ്കിലും പിശകുണ്ടെങ്കില്‍ അന്വേഷിക്കട്ടെ. നടപടിയെടുക്കട്ടെ. അതിനൊന്നും ആരും തടസ്സമല്ല. എന്തും വിളിച്ച് പറയാനുള്ള സ്ഥാനമല്ല ഗവര്‍ണര്‍ പദവിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയ്ക്ക് പുറത്ത് രൂപംകൊണ്ട ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചില പ്രസ്ഥാനങ്ങള്‍ കൈക്കരുത്തിലും ഭീഷണിയിലുമാണ് വിശ്വസിക്കുന്നത്. എന്നെ സമ്മര്‍ദത്തിലാക്കാമെന്ന് അവര്‍ കരുതേണ്ട- എന്നൊക്കെയാണ് ഗവര്‍ണര്‍ പറയുന്നത്. എന്നാല്‍ ആരാണ് ഭീഷണിപ്പെടുത്തുന്നതെന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്കറിയാം. ഇങ്ങനെ പറയുമ്പോള്‍ എന്തെങ്കിലും കിട്ടുമെങ്കില്‍ കിട്ടിക്കോട്ടെയെന്ന് കരുതി നോക്കിയിരിക്കുകയായിരുന്നു ഞങ്ങള്‍. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലാതായി തീര്‍ന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement