ഗുജറാത്തിന് ആയിരംകോടിയുടെ ധനസഹായം പ്രഖ്യാപിച്ച നരേന്ദ്രമോദിയെ പരിഹസിച്ച് സുബ്രഹ്മണ്യം സ്വാമി; കേരളത്തിനും മഹാരാഷ്ട്രക്കും ന്യായമായി കൂടുതൽ തുക അനുവദിക്കണമെന്നും ട്വിറ്ററിൽ സുബ്രഹ്മണ്യം സ്വാമി

20

ഗുജറാത്ത് സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ ആയിരം കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിനും മഹാരാഷ്ട്രയ്ക്കും കൂടി ധനസഹായം അനുവദിക്കണമെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്‌മണ്യം സ്വാമി. കേരളത്തിലും മഹാരാഷ്ട്രയിലും പ്രധാനമന്ത്രിയ്ക്ക് സന്ദര്‍ശനം നടത്താന്‍ സാധിക്കാത്തതിനാല്‍ ഈ സംസ്ഥാനങ്ങള്‍ക്ക് ന്യായമായി കൂടുതല്‍ തുക അനുവദിക്കണമെന്നും അദ്ദേഹം പരിഹാസരൂപേണ ആവശ്യപ്പെട്ടു. 
ട്വിറ്ററിലൂടെയായിരുന്നു സുബ്രഹ്‌മണ്യം സ്വാമിയുടെ പ്രതികരണം. ടൗട്ടേ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെ തുടര്‍ന്ന് ഗുജറാത്തിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷമാണ് സംസ്ഥാനത്തിന് ആയിരം കോടി രൂപയുടെ ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. സ്വന്തം സംസ്ഥാനത്തിന് അടിയന്തരമായി സഹായം നല്‍കിയ പ്രധാനമന്ത്രിയെ പരിഹസിച്ച സ്വാമി, ഗുജറാത്തിനേക്കാള്‍ കൂടുതല്‍ നാശനഷ്ടം സംഭവിച്ചിട്ടുള്ളതിനാല്‍ കേരളത്തിനും മഹാരാഷ്ട്രയ്ക്കും അധിക തുക അനുവദിക്കാന്‍ തയ്യാറാകണമെന്നാണ് തന്റെ അഭിപ്രായമെന്നും ട്വീറ്റില്‍ സൂചിപ്പിച്ചു.