പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബേയുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസില്‍ മലയാളി അഭിഭാഷകയും പരിസ്ഥിതി പ്രവര്‍ത്തകയുമായ നികിത ജേക്കബിന് ഇടക്കാല ജാമ്യം. മൂന്ന് ആഴ്ചത്തെ ഇടക്കാല ജാമ്യമാണ് ബോംബെ ഹൈക്കോടതി അനുവദിച്ചത്. അതിനിടയില്‍ മുന്‍കൂര്‍ ജാമ്യം തേടി ഡല്‍ഹി കോടതിയെ സമീപിക്കാം. 25,000 രൂപ കെട്ടിവെക്കണം.
നികിത ജേക്കബിന് മതപരമായോ, സാമ്പത്തികമായോ, രാഷ്ട്രീയമായോ അജണ്ടകളോ, ഉദ്ദേശങ്ങളോ ഇല്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
കേസില്‍ ഡല്‍ഹി കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്നും ഇടക്കാല സംരക്ഷണം നല്കാന് ബോംബെ കോടതിക്ക് സാധിക്കില്ലെന്നും ഡല്‍ഹി പോലീസ് വാദിച്ചിരുന്നു. എന്നാല്‍ ഡല്‍ഹി പോലീസിന്റെ ഈ അവകാശവാദം കോടതി തള്ളി. കേസില്‍ ബോംബ ഹൈക്കോടതിക്കും ഇടക്കാല സംരക്ഷണം നല്കാന് അധികാരമുണ്ടെന്നും കോടതി നീരിക്ഷിച്ചു.
ടൂള്‍ കിറ്റില്‍ കര്‍ഷകസമരത്തെ പിന്തുണയ്ക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും ആക്രമണത്തിന് പ്രേരിപ്പിക്കുന്നതോ ചെങ്കോട്ട ആക്രമണവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഇല്ലെന്നും നികിതയുടെ അഭിഭാഷകന് മിഹിര്‍ ദേശായ് ബോംബെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള യാതൊന്നും ടൂള്‍ കിറ്റിലില്ലെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.