തൃശൂരിലെ ബി.ജെ.പിയിൽ പൊട്ടിത്തെറി: കുഴൽപ്പണക്കേസിൽ ജില്ലാ നേതൃത്വത്തെ വിമർശിച്ച നേതാവിന് ജില്ലാ ജനറൽ സെക്രട്ടറിയുടെ വധഭീഷണിയെന്ന് പരാതി; വിമർശിച്ച ഒ.ബി.സി മോർച്ച സംസ്ഥാന നേതാവ് റിഷി പൽപ്പുവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു

49

കൊടകര കുഴൽപ്പണക്കവർച്ചയുമായി ബന്ധപ്പെട്ട് ജില്ലാ നേതാക്കൾക്കെതിരെ ആരോപണമുയർന്ന സാഹചര്യത്തിൽ ജില്ലാ നേതൃത്വത്തെ പിരിച്ചുവിടണമെന്ന് സമൂഹമാധ്യമത്തിൽ വിമർശനം നടത്തിയ ഒ.ബി.സി മോർച്ച നേതാവിന് ഭീഷണിയും, പിന്നാലെ പാർട്ടിയിൽ നിന്ന് സസ്പെൻഷനും. ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് റിഷി പൽപ്പുവിനാണ് ഭീഷണിയും ബി.ജെ.പിയുടെ സസ്പെൻഷനുമുണ്ടായത്. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ ഹരി തന്നെ ഇല്ലാതാക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയെന്ന്‌ ആരോപിച്ച്‌ റിഷി പൽപ്പു തൃശൂർ വെസ്‌റ്റ്‌ പൊലീസിലാണ്‌ പരാതി നൽകിയത്‌. കുഴൽപ്പണക്കേസിലും കത്തിക്കുത്ത്‌ കേസിലും നാണം കെട്ട ബി.ജെ.പി ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന്‌ റിഷി സമൂഹമാധ്യമത്തിൽ കുറിപ്പിട്ടിരുന്നു. ഇതേ തുടർന്നാണ്‌ വധഭീഷണിയെന്ന് പറയുന്നു. അതേ സമയം, റിഷി പൽപ്പുവിനെ ബി.ജെ.പിയിൽനിന്ന്‌ ആറ്‌ വർഷത്തേക്ക്‌ പുറത്താക്കിയതായി സംസ്‌ഥാന പ്രസിഡണ്ട്‌ കെ സുരേന്ദ്രൻ അറിയിച്ചു. ഇതോടെ ബി.ജെ.പിയിലെ ചേരിപ്പോരും പോർവിളിയും വൻ പൊട്ടിത്തെറിയിലേക്ക്‌ നീങ്ങുകയാണ്‌. സമൂഹമാധ്യമത്തിലെ വിമർശന കുറിപ്പ് ഉൾപ്പെടെ ജില്ലാ പ്രസിഡണ്ട് കെ.കെ.അനീഷ് കുമാർ സംസ്ഥാന നേതൃത്വത്തിന് നൽകിയ കത്തിനെ തുടർന്നാണ് റിഷിക്കെതിരെയുള്ള നടപടി. കുഴൽപ്പണക്കേസ് ജില്ലയിലെ പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. വാടാനപ്പള്ളിയിൽ ചേരിതിരിഞ്ഞ് പ്രവർത്തകർ സംഘർഷത്തിലാവുകയും കത്തിക്കുത്തിലെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു റിഷിപൽപ്പു സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചത്. ‘സഹപ്രവർത്തകനെ കുത്തിയവരെയും ജില്ലാ നേതൃത്വം സംരക്ഷിക്കുകയാണെന്നും കുഴൽപ്പണത്തട്ടിപ്പിനും ആക്രമത്തിനുമുണ്ട് ഗ്രൂപ്പ് തിരിഞ്ഞ് പോരാട്ടം. പാർട്ടി പൂജ്യമായതിൽ അയൽപ്പക്കത്തേക്ക് നോക്കേണ്ട കാര്യമില്ല എന്നാണ് ഇനിയും ബി.ജെ.പി തിരിച്ചറിയേണ്ടത്. കൂടുതൽ നാറുന്നതിന് മുമ്പേ ബി.ജെ.പി ജില്ലാ നേതൃത്വത്തെ പിരിച്ചുവിടണമെന്നാണ് ഓരോ പ്രവർത്തകൻറെയും ആവശ്യ’മെന്നായിരുന്നു റിഷി പൽപ്പു സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ്.