നിയമസഭ കയ്യാങ്കളിക്കേസ്: മന്ത്രി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ ഇന്ന് കോടതിയിൽ ഹാജരാവണം

7

നിയമസഭാ കൈയാങ്കളിക്കേസിലെ പ്രതികളായ മന്ത്രി വി. ശിവന്‍കുട്ടിയും മറ്റ് സി.പി.എം. നേതാക്കളും ബുധനാഴ്ച കോടതിയില്‍ ഹാജരാകും. കേസ് പിന്‍വലിക്കണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയ പശ്ചാത്തലത്തിലാണ് ഹാജരാകണമെന്ന കര്‍ശന നിര്‍ദേശം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പുറപ്പെടുവിച്ചത്. എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ എം.എല്‍.എ., മുന്‍ എം.എല്‍.എ.മാരായ കെ. അജിത് കുമാര്‍, സി.കെ. സദാശിവന്‍, കെ. കുഞ്ഞമ്മദ് എന്നിവരാണ് മറ്റു പ്രതികള്‍. വിചാരണ തുടങ്ങുന്നതിന്റെ ആദ്യഘട്ടമായി ബുധനാഴ്ച പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും.

Advertisement

വിടുതല്‍ഹര്‍ജി നിലനില്‍ക്കുന്നതിനാല്‍, അക്കാരണം ചൂണ്ടിക്കാട്ടി പ്രതികള്‍ നേരത്തേ കോടതിയില്‍ ഹാജരായിരുന്നില്ല. സുപ്രീംകോടതിയും ഹൈക്കോടതിയും ഹര്‍ജി തള്ളിയശേഷം മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിച്ചപ്പോഴും ഹാജരാകാതിരുന്നതോടെയാണ് ബുധനാഴ്ച നിര്‍ബന്ധമായും ഹാജരാകണമെന്ന കര്‍ശനനിര്‍ദേശം നല്‍കിയത്. രാവിലെ 11-ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആര്‍. രേഖയാണ് കേസ് പരിഗണിക്കുന്നത്.

2015 മാര്‍ച്ച് 13-നാണ് സംഭവം നടന്നത്. ബാര്‍ക്കോഴ കേസിന്റെ പേരില്‍, മുന്‍ ധനകാര്യമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാനനുവദിക്കില്ലെന്ന് പറഞ്ഞ് നടത്തിയ പ്രതിഷേധമാണ് അതിക്രമത്തില്‍ കലാശിച്ചത്. നിയമസഭയിലെ ഇലക്ട്രോണിക് ഉപകരണങ്ങളും കസേരകളുമടക്കം തല്ലിത്തകര്‍ത്ത് 2,13,786 രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയെന്നാണ് പോലീസ് കേസ്. ഇതില്‍ 2,20,000 രൂപ പ്രതികള്‍ കോടതിയില്‍നിന്ന് ജാമ്യമെടുത്തപ്പോള്‍ അടച്ചിരുന്നു.

കേസ് പിന്‍വലിക്കുന്നതിന് ആദ്യം സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയും വിചാരണക്കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.

Advertisement