പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എ പരിശോധന; തൃശൂരിൽ സംസ്ഥാന നേതാവിനെ കസ്റ്റഡിയിലെടുത്തു

63

പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എ പരിശോധന. ദില്ലിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന. കേന്ദ്രസേനയുടെ അകമ്പടിയോടെയാണ് റെയ്ഡ്. പത്തനംതിട്ട വെട്ടിപ്പുറത്ത് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റിന്റെ വീട്ടിലും അടൂരിലെയും തൃശൂരിലും ജില്ല കമ്മിറ്റി ഓഫീസിലും പെരുമ്പിലാവിൽ എസ്.ഡി.പി.ഐ മുന്‍ സംസ്ഥാന നേതാവും നിലവില്‍ പോപുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാവുമായ യഹിയ തങ്ങളുടെ വീട്ടിലും റെയ്ഡ് നടന്നു. റെയ്ഡിന് ശേഷം യഹിയ തങ്ങളെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തെ ആലപ്പുഴ വിദ്വേഷ മുദ്രാവാക്യ വിളിയുമായി ബന്ധപ്പെട്ട് യഹിയ തങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ട് തൃശൂർ ജില്ലാ ഓഫീസിൽ എൻ.ഐ.എ റെയ്ഡ് നടത്തി. ചാവക്കാട് തെക്കഞ്ചേരിയിലെ യൂണിറ്റി ഹൗസിലാണ് റെയ്ഡ്. എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രെട്ടറി പി കെ ഉസ്മാന്റെ കേച്ചേരിയിലെ വീട്ടിലും റെയ്ഡ് നടത്തി അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തു.മലപ്പുറത്ത് പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ എംഎ സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും ദേശീയ സെക്രട്ടറി നസറുദ്ധീൻ എളമരത്തിന്റെ വീട്ടിലും റെയ്ഡ് നടത്തി. പുത്തനത്താണി പൂവഞ്ചിനയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസായ മലബാർ ഹൗസിൽ പരിശോധന നടന്നു. കോട്ടയത്തും എൻ.ഐ.എ റെയ്ഡ് പുരോഗമിക്കുകയാണ്. ജില്ലാ നേതാക്കൾ അടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. എന്‍.ഐ.എ റെയ്ഡ് നടക്കുന്നത്.ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസും റെയ്ഡിൽ ഉൾപ്പെടും. പ്രധാന കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റും റെയ്ഡിന്റെ ഭാഗമാണ് എന്ന് സൂചനയുണ്ട്.
50 സ്ഥലങ്ങളിലാണ് ഒന്നിച്ച് പരിശോധന നടക്കുന്നത്. പുലര്‍ച്ചെ നാലരയോടെയാണ് പരിശോധന ആരംഭിച്ചത്. എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഏത് സാഹചര്യത്തിലാണ് പരിശോധനയെന്ന് കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല.

Advertisement
Advertisement