പ്രണയക്കെണി യാഥാർഥ്യം, പറഞ്ഞത് വസ്തുതകളുടെ അടിസ്ഥാനത്തിലെന്ന് ബിഷപ്പ് ജോസഫ് പാംപ്ലാനി

36

ക്രിസ്തീയ സമൂഹത്തിലെ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രണയക്കെണി യാഥാര്‍ഥ്യമാണെണ് ആവര്‍ത്തിച്ച്‌ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. സഭ ഇക്കാര്യം പറയുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. പ്രണയക്കെണി പരാമര്‍ശം മതസ്പര്‍ധയുടെ വിഷയമായി കാണേണ്ടതില്ലെന്നും വഴിതെറ്റുന്ന മക്കളേക്കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പരാമര്‍ശിച്ചതെന്നും ബിഷപ്പ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് പള്ളികളില്‍ പ്രണയക്കെണി സംബന്ധിച്ച കാര്യം ഇടയലേഖനമായി വായിച്ചത്. ക്രിസ്തീയ സമൂഹത്തിലെ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രണയക്കെണി നിരവധി മാതാപിതാക്കളെ ദുഃഖത്തിലാക്കിയിട്ടുണ്ടെന്നും ഇത്തരം കെണിയില്‍ വീഴാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ സഭ നല്‍കുമെന്നും ഇടയലേഖനത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യം ആവര്‍ത്തിക്കുകയാണ് ബിഷപ്പ് ചെയ്തത്.
പെണ്‍കുട്ടികളുടെ ഭാവിയെ സുരക്ഷിതമല്ലാത്ത രീതിയില്‍ വഴിതെറ്റിക്കുന്ന പ്രണയം യഥാര്‍ഥത്തില്‍ പ്രണയമല്ല. അതുകൊണ്ടാണ് പ്രണയക്കെണിയെന്ന് പറഞ്ഞത്. എത്രപേര്‍ ഇത്തരം കെണിയില്‍പ്പെട്ടിട്ടുണ്ടെന്ന് കൃത്യമായ കണക്കുകള്‍ സഭയുടെ കൈവശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടല്ല പരാമര്‍ശമെന്നും ബിഷപ്പ് വിശദീകരിച്ചു.
ബഫര്‍സോണ്‍ വിഷയത്തില്‍ വനംവകുപ്പിനെയും ബിഷപ്പ് നിശിതമായി വിമര്‍ശിച്ചു. മലയോര കര്‍ഷകരുടെ വികാരവിചാരങ്ങളെ ശരിയായ രീതിയില്‍ മനസിലാക്കുന്നതിലും ഹര്‍ജികള്‍ പരമോന്നത നീതിപീഠത്തിന്റെ പക്കലെത്തിക്കുന്നതിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ ഉദാസീനത കാട്ടുകയാണ്. കര്‍ഷക പക്ഷത്ത് നില്‍ക്കുന്നതില്‍ വനംവകുപ്പ് മുമ്പും കൃത്യവിലോപം കാണിച്ചിട്ടുണ്ട്. കര്‍ഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്ന വനംവകുപ്പല്ല ഈ വിഷയം കൈകാര്യം ചെയ്യേണ്ടത്. കൃഷി വകുപ്പും റവന്യു വകുപ്പും ഇതില്‍ ഇടപെടണം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പ്രശ്‌നത്തെ വിലയിരുത്തേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement
Advertisement