ബത്തേരി കോഴക്കേസിന് പിന്നിൽ ചില മാധ്യമങ്ങളെന്ന് കെ.സുരേന്ദ്രൻ

16

ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരേ വ്യാജരേഖകള്‍ ചമച്ചാണ് കേസ് ചുമത്തിയിരിക്കുന്നതെന്നും താന്‍ ആര്‍ക്കും കോഴ നല്‍കിയിട്ടില്ലെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ബത്തേരി കോഴക്കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോണ്‍സംഭാഷണത്തിലെ ശബ്ദം ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ തന്നെയാണെന്നുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതികരണം. ഒരു കോടതിയും ഈ കേസ് അംഗീകരിക്കില്ല. തന്റേതെന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന ശബ്ദരേഖയില്‍ മറ്റാരുടെയോ ശബ്ദവും തിരുകികയറ്റിയിട്ടുണ്ട്. ഇത് കള്ളക്കേസാണ്, ഇതുപോലത്തെ ഒരുപാട് കേസ് ഞങ്ങള്‍ കണ്ടതാണ്. ഇതുപോലത്തെ ഓലപാമ്പുമായി ഇങ്ങോട്ട് വരണ്ട, പിണറായി വിജയന്‍ തോറ്റുതുന്നംപാടുമെന്നല്ലാതെ ഇതില്‍ എനിക്കോ ബി.ജെ.പി.ക്കോ ഒന്നും സംഭവിക്കാനില്ല-സുരേന്ദ്രന്‍ പറഞ്ഞു. ശ്രീനാരായണഗുരുസമാധി ദിനത്തിന്റെ ഭാഗമായി ചാവക്കാട് വിശ്വനാഥക്ഷേത്രത്തിലെത്തി ഗുരുദേവ പ്രതിമയില്‍ പുഷ്പ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തിരിക്കുന്നവരാണ് മുഖ്യമന്ത്രിയും സി.പി.എം. നേതാക്കളുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. അവരുടെ പേരിലുള്ള കേസുകളാണ് അന്വേഷിക്കേണ്ടത്. ഇതുപോലത്തെ കള്ളക്കേസെടുത്ത് കുടുക്കാന്‍ ഇത് വെള്ളരിക്കാപട്ടണമല്ല. ചില മാധ്യമങ്ങളും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

Advertisement

Advertisement