ഭാരത് ജോഡോ യാത്രയെ വരവേൽക്കാൻ ‘സവർക്കർ ബാനർ’, വിവാദമായപ്പോൾ സവർക്കറെ ഗാന്ധിയെ കൊണ്ട് മറച്ചു, കൊടി കെട്ടിപ്പോയ ഭായിമാർ സി.ഐ.ടി.യുവിന്റെ കൊടിമരത്തിലും കൊടി കെട്ടി

125

ഭാരത് ജോഡോ യാത്രയെ വരവേൽക്കാൻ ആർ.എസ്‌.എസ്‌ സൈദ്ധാന്തികനും ഗാന്ധി വധകേസ്‌ പ്രതിയുമായ വി.ഡി സവർക്കറുടെ ചിത്രത്തോടെ വലിയ കമാനം. വിവാദമായപ്പോൾ ഗാന്ധിയെ ഒട്ടിച്ചു മറച്ചു. ആലുവ മണ്ഡലത്തിൽ നെടുമ്പാശേരി എയർപോർട്‌ ജംഗ്‌ഷനു സമീപം കോട്ടായിയിൽ ദേശീയപാതയിൽ കോൺഗ്രസ്‌ ചെങ്ങമനാട്‌ മണ്ഡലം കമ്മിറ്റി സ്ഥാപിച്ച ബാനറിലാണ്‌ സ്വാതന്ത്ര്യസമരസേനാനികൾക്കൊപ്പം സവർക്കറും സ്ഥാനം പിടിച്ചത്‌. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ മഹാത്മാഗാന്ധിയുടെ ചിത്രം തൂക്കി സവർക്കറുടെ ചിത്രം മറച്ചു. ജോഡോയാത്ര എത്തുന്നതിനു തൊട്ടുമുമ്പുമാത്രമാണ്‌ സവർക്കർ ചിത്രം ഗാന്ധി ചിത്രമിട്ടു മൂടിയത്‌. അൻവർസാദത്ത് എം.എൽ.എയുടെ മണ്ഡലമായ ആലുവയിൽ അദ്ദേഹത്തിനു വീടിനു വിളിപ്പാടകലെയായി സ്വന്തം ബൂത്തിലാണ്‌ ഈ സംഭവം. ചെങ്ങമനാട്‌ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദിലീപ്‌ കപ്രശേരിയുടെ നേതൃത്വത്തിലാണ്‌ ബാനർ സ്ഥാപിച്ചത്‌. സംഭവം വിവാദമായതോടെ ഐ.എൻ.ടി.യു.സി പ്രാദേശിക നേതാവ്‌ സുരേഷ്‌ അത്താണിയുടെ നേതൃത്വത്തിലാണ്‌ എവിടെ നിന്നോ ഗാന്ധിജിയുടെ വേറെ വലിപ്പത്തിലുള്ള ചിത്രം കൊണ്ടുവന്ന്‌ സവർക്കറുടെ ചിത്രത്തിനു മുകളിൽ തൂക്കിയത്‌. അപ്പോഴും ഗാന്ധി വധകേസ്‌ പ്രതിയായിരുന്ന സവർക്കറുടെ ചിത്രം ഗാന്ധിചിത്രത്തിനു പിന്നിലുണ്ട്‌. അതു ബാനറിൽ നിന്ന്‌ വെട്ടിമാറ്റിയിട്ടില്ല. ഇതിനിടെ സി.ഐ.ടി.യുവിന്‍റെ കൊടിമരത്തില്‍ കോണ്‍ഗ്രസിന്‍റെ കൊടി കെട്ടിയതും വൈറലായി. കൊടി കെട്ടാന്‍ ഭായിമാരെ ഏല്‍പ്പിച്ചാല്‍ ഇങ്ങനെയിരിക്കുമെന്ന് സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം കെ എസ് അരുണ്‍ കുമാര്‍ പരിഹസിച്ചു. ആലുവ പച്ചക്കറി മാർക്കറ്റിൽ സി.ഐ.ടി.യുവിന്‍റെ കൊടിമരത്തിൽ കോൺഗ്രസിന്‍റെ കൊടി കെട്ടിയെന്നും കെ എസ് അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ യാത്ര ഇന്നാണ് എറണാകുളം ജില്ലയില്‍ പര്യടനം തുടങ്ങിയത്.

Advertisement

Advertisement