ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നടപടിയിൽ വ്യാപക പ്രതിഷേധം: രാഷ്ട്രപതി ഇടപെടണമെന്ന് എം.പിമാരും രാഷ്ടീയകക്ഷികളും: രൂക്ഷമായി വിമർശിച്ച് നടൻ പ്രഥ്വിരാജ്, ലക്ഷദ്വീപിലെ സഹോദരങ്ങൾക്കൊപ്പമെന്ന് സണ്ണിവെയ്ൻ

18

ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്റർ നടപ്പാക്കിയ പരിഷ്കാരങ്ങൾക്കെതിരായ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. ലക്ഷദ്വീപ് നിവാസികളെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ ആരംഭിച്ച ക്യാമ്പെയിനുകൾക്ക് പിന്തുണയുമായി സിനിമാ താരങ്ങളടക്കം രംഗത്തെത്തി. വിഷയത്തിൽ ഉടൻ ഇടപെടണമെന്നാവശ്യപ്പെട്ട് എംപിമാരായ ബിനോയി വിശ്വവും എളമരം കരീമും രാഷ്ട്രപതിക്ക് കത്തയച്ചു. ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി കൂടിയായ പ്രഫുൽ പട്ടേൽ ഒന്നിനുപിറകേ ഒന്നായി ലക്ഷദ്വീപിൽ കൊണ്ടുവന്ന ഉത്തരവുകളാണ് പരക്കെ ചോദ്യം ചെയ്യപ്പെടുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ എടുത്തുമാറ്റിയും ഗുണ്ടാആക്ട് നടപ്പാക്കിയും തീരസംരക്ഷണ നിയമത്തിന്‍റെ പേരു പറഞ്ഞ് മൽസ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചുകളഞ്ഞതുമെല്ലാമാണ് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ഡയറി ഫാമുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടതാണ് ഏറ്റവും ഒടുവിലുത്തേത്. അഡ്മിനിട്രേറ്ററുടെ നടപടികൾക്കെതിരെ ഓൺലൈൻ മാധ്യമങ്ങളിലൂടെ ദ്വീപിലെ വിദ്യാർഥി സംഘടനകൾ അടക്കമുളളവർ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ ദ്വീപ് ഡയറി ന്യൂസ് എന്ന പോർട്ടൽ കേന്ദ്രവാ‍ർത്താ വിതരണ മന്ത്രാലയം തടഞ്ഞു. വിഷയത്തിൽ ഉടൻ ഇടപെടണമെന്നാവശ്യപ്പെട്ട് എംപിമാരായ ബിനോയി വിശ്വവും എളമരം കരീമും രാഷ്ട്രപതിക്ക് കത്തയച്ചു. ജനവികാരം പരിഗണിക്കാതെയുളള അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് എംപിമാ‍ർ രാഷ്ട്രപതിക്ക് കത്ത് നൽകിയത്. പിന്തുണയുമായി സിനിമാ താരങ്ങളും രംഗത്തെത്തി. നടൻ പ്രഥ്വിരാജ്, സണ്ണി വെയ്ൻ, ആൻറണി വർഗീസ് എന്നിവരും പരസ്യ പ്രതികരണം നടത്തി. എന്റെ സഹോദങ്ങൾക്കൊപ്പമെന്ന് പ്രതികരിച്ചാണ് സണ്ണി വെയ്‌നും ആന്റണി വര്‍ഗീസും പിന്തുണയറിയിച്ചത്. സിനിമയ്ക്കുമപ്പുറം വ‍‍ർഷങ്ങളായി ലക്ഷദ്വീപിനോടുളള തന്‍റെ ബന്ധവും അടുപ്പവും തുറഞ്ഞു പറഞ്ഞാണ് നടൻ പൃഥ്വിരാജ് ദ്വീപ് വാസികൾക്ക് പിന്തുണയുമായെത്തിയത്. അഡ്മിനിസ്ട്രേറ്ററുടെ വിചിത്രമായ പരിഷ്കാരങ്ങളിൽ ഇവിടുത്തെ ജനസമൂഹം വലിയ ആശങ്കയിലാണ്. പരിഷ്കാരങ്ങൾ എപ്പോഴും ദ്വീപിലെ ജനങ്ങൾക്ക് വേണ്ടിയാകണമെന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതം തടസപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയാകുമെന്നും പൃഥ്വിരാജ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ ചോദിച്ചു.