ശശി തരൂർ എം.പി പാണക്കാട് സാദിഖ് അലി തങ്ങളുമായും കുഞ്ഞാലിക്കുട്ടി എം.എൽ.എയുമായും ചർച്ച നടത്തി; കോൺഗ്രസിൽ ഇപ്പോഴുള്ള എയും ഐയും തന്നെ ധാരാളം പുതിയ ഗ്രൂപ്പുണ്ടാക്കാനില്ലെന്ന് തരൂർ

22

കോൺഗ്രസ് നേതാവ് ശശി തരൂർ എംപി പാണക്കാട്ടെത്തി. പാണക്കാട് സാദിഖ് അലി തങ്ങളുമായും കുഞ്ഞാലിക്കുട്ടി എം.എൽ.എയുമായും ശശി തരൂരിന്റെ കൂടിക്കാഴ്ച നടത്തി. തരൂരിന്റെ മലബാർ സന്ദർശനത്തോടെ കോൺഗ്രസിനകത്ത് അസ്വാരസ്യങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സന്ദർശനം. തരൂരിന്റേത് സാധാരണ സന്ദർശനം മാത്രമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് സന്ദർശനം പതിവുള്ളതാണ്. രാഷ്ട്രീയവിഷയങ്ങളും ചർച്ചയായെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സാദിഖലി തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ അടക്കമുള്ളവർ തരൂരിനെ സ്വീകരിച്ചു. തരൂരിനൊപ്പം എം കെ രാഘവൻ എം.പിയും അനുഗമിച്ചു. പെരിന്തൽമണ്ണയിലെ ഹൈദരലി തങ്ങളുടെ പേരിലുള്ള സിവിൽ സർവിസ് അക്കാദമിയിൽ വിദ്യാർഥികളുമായി സംവദിക്കും. വൈകീട്ട് കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാരേയും തരൂർ സന്ദർശിക്കും. ബുധനാഴ്ച കണ്ണൂരിലാണ് പരിപാടികൾ. എല്ലാ മതവിഭാഗങ്ങളുടെ കേന്ദ്രങ്ങളും സാംസ്കാരിക നേതാക്കളുടെ വസതികളും തരൂർ സന്ദർശിക്കുന്നുണ്ട്. ആർ.എസ്.എസ് അനുകൂല പരാമർശത്തിൽ കെ സുധാകരനെതിരെ മുസ്ലിംലീഗ് പരസ്യ നിലപാട് എടുത്ത സാഹചര്യത്തിലാണ് സന്ദർശനമെന്നതും ശ്രദ്ധേയമാണ്.

Advertisement

പാണക്കാട് സന്ദര്‍ശനത്തില്‍ അസ്വാഭാവികതയില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പാണക്കാട്ടേക്കുള്ള യാത്ര സാധാരണമാണ്. മലപ്പുറത്ത് വരുമ്പോഴെല്ലാം പോകാറുണ്ട്. കോണ്‍ഗ്രസിന് വേണ്ടിയും യുഡിഎഫിന് വേണ്ടിയുമാണ് താന്‍ സംസാരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. പാണക്കാട് തങ്ങള്‍ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം.കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘രണ്ട് യുഡിഎഫ് എംപിമാര്‍ യുഡിഎഫിന്റെ ഒരു ഘടകകക്ഷിയെ കണ്ട് സംസാരിച്ചതില്‍ ഇത്ര വാര്‍ത്തയെന്താണെന്ന് മനസിലായില്ല. ചിലര്‍ പറയുന്നു ഇത് വിഭാഗീയതയുടെ കാര്യമാണ് ഗ്രൂപ്പ് ഉണ്ടാക്കലാണ് എന്നൊക്കെ. എന്നാല്‍ ഒരു ഗ്രൂപ്പുണ്ടാക്കാനും ഞങ്ങള്‍ക്ക് താല്‍പര്യമില്ല, അതിന് ഒരു സാധ്യതയുമില്ല. കോണ്‍ഗ്രസിനകത്ത് എയും ഐയും തന്നെ കൂടുതലാണ്, ഇനി ഒയും ഇയും ഒന്നും വേണ്ട. ഇനി ഒരക്ഷരം വേണമെങ്കില്‍ യു ആകാം, യുണൈറ്റഡ് കോണ്‍ഗ്രസ്, അതാണ് ഞങ്ങള്‍ക്ക് ആവശ്യമുള്ളത്’, തരൂര്‍ പറഞ്ഞു.രാജ്യത്ത് ഭിന്നിക്കുന്ന രാഷ്ട്രീയം നടക്കുന്ന സമയത്ത് എല്ലാവരെയും കൂട്ടിയോചിപ്പിച്ചുള്ള രാഷ്ട്രീയമാണ് അത്യാവശ്യം. ഇന്‍ക്ലൂസീവ് ഇന്ത്യയാണ് തന്റെ മുദ്രാവാക്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശശി തരൂരിന്റെ സന്ദര്‍ശനങ്ങളെ ആരാണ് ഭയക്കുന്നത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, തനിക്ക് ആരെയും ഭയമില്ലെന്നും ആരും തന്നെ ഭയക്കേണ്ടതിന്റെ ആവശ്യമില്ലെന്നുമായിരുന്നു തരൂരിന്റെ മറുപടി.

Advertisement