ശ്രീകേരളവർമയിലെ അധ്യാപക നിയമന വിവാദം; വകുപ്പ് മേധാവി അശ്ലീല ആംഗ്യം കാണിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് അധ്യാപികയുടെ പരാതി, ഒന്നാം റാങ്കുകാരിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

111

തൃശൂർ ശ്രീ കേരളവർമയിലെ അതിഥി അധ്യാപക നിയമനത്തിൽ അധ്യാപികയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. ‘വായിലെ നാവ് അകത്ത് ഇടെടീ…’ എന്നു പരസ്യമായി പലവട്ടം ആക്രോശിക്കുകയും അശ്ലീല ആംഗ്യം കാട്ടുകയും ചെയ്തെന്നാരോപിച്ച് കേരളവർമ കോളജിലെ പൊളിറ്റിക്കൽ സയൻസ് വകുപ്പുമേധാവിക്കെതിരെ ഡോ.ജ്യുവൽ ജോൺ ആലപ്പാട്ട് നൽകിയ പരാതി കോടതിയുടെ പരിഗണനയിൽ. രണ്ടാം റാങ്കുകാരനായ മുൻ എസ്.എഫ്.ഐ നേതാവിനു ചട്ടവിരുദ്ധമായി നിയമനം നൽകാനുള്ള പ്രസന്റേഷനിൽ ഒപ്പുവയ്ക്കാൻ വിസമ്മതിച്ചതാണ് വകുപ്പുമേധാവിയെ പ്രകോപിപ്പിച്ചതെന്ന് അധ്യാപികയുടെ പരാതിയിൽ പറയുന്നു.  സ്ത്രീത്വത്തെ അപമാനിച്ചതിനും അശ്ലീല ആംഗ്യം കാട്ടിയതിനും അധ്യാപികയുടെ പരാതിയിൽ കഴിഞ്ഞ സെപ്റ്റംബർ 23ന് വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. കേസ് കോടതിയിലാണ്. ആദ്യ റാങ്കുകാരി ജോലിയിൽ പ്രവേശിക്കാൻ വിസമ്മതിച്ചതോടെ രണ്ടാം റാങ്കുകാരനായ ഇടത് നേതാവിനു വേണ്ടി ഉടൻ നിയമനം ആവശ്യപ്പെട്ടാണു വകുപ്പു മേധാവി പ്രസന്റേഷൻ തയാറാക്കിയത്. ‘നിന്നേക്കാൾ സീനിയറാണെന്നും ജൂനിയറായ നീ ഞാൻ പറയുന്നത് അനുസരിച്ചാൽ മതിയെന്നും ധിക്കാരം എന്നോടു വേണ്ടെന്നും മേധാവി ഭീഷണി മുഴക്കിയതായി പരാതിയിലുണ്ട്. ഒപ്പിടാൻ സാധിക്കില്ലെന്നു തീർത്തു പറഞ്ഞതോടെ അശ്ലീല ആംഗ്യം കാട്ടിയെന്നാണു കേസ്. മുൻപും ഇത്തരം അശ്ലീല പ്രയോഗങ്ങൾ ഉണ്ടായതായും പരാതിയിലുണ്ട്.അതിനിടെ ഒന്നാം റാങ്കുകാരിയെ ഭീഷണിപ്പെടുത്തിയതിന്റെ വാട്സ്ആപ് ചാറ്റുകളും പുറത്ത് വന്നിട്ടുണ്ട്. മുൻ എസ്.എസ്.ഐ നേതാവായ അധ്യാപകനെ നിയമിക്കുന്നതിനായി കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവർത്തകർ കോളേജിൽ അധ്യാപകരെ തടഞ്ഞു വെച്ച് സമരം നടത്തിയിരുന്നു.

Advertisement
Advertisement