ശ്രീ കേരളവർമ്മ കോളേജിലെ അതിഥി അധ്യാപക നിയമന വിവാദം: സർക്കാർ നിർദേശം കാത്തിരിക്കുന്നുവെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ വി. നന്ദകുമാർ

48

തൃശൂർ ശ്രീ കേരളവർമ്മ കോളേജിലെ അതിഥി അധ്യാപക നിയമനത്തിൽ സർക്കാർ നിർദേശം വരുന്നത് വരെ നിയമനം ഉണ്ടാവില്ലെന്ന് കോളേജ് മാനേജ്മെന്റ് ആയ കൊച്ചിൻ ദേവസ്വം ബോർഡ്. അധ്യാപക നിയമന വിവാദത്തിൽ സർക്കാറിന് ലഭിച്ച പരാതിയിൽ അന്വേഷണത്തിനായി സമിതിയെ നിയോഗിച്ചിരുന്നു. സമിതി റിപ്പോർട്ട്‌ സർക്കാരിന് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം സർക്കാരിൽ നിന്നും ഉണ്ടാവേണ്ടതുണ്ടെന്നും അതിനായി കാത്തിരിക്കുകയാണെന്നും ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ പറഞ്ഞു.

Advertisement

കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ പൊളിറ്റിക്കൽ സയൻസ് വകുപ്പിലെ മുഴുവൻ സമയ റിസർച്ച് സ്കോളർസിനെ അധ്യാപക പരിമിതിയുടെ താൽക്കാലിക പരിഹാരത്തിനായി നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമനവുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് കോളേജ് സ്റ്റാഫ് കൗൺസിൽ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരുടെ യോഗത്തിന് ശേഷമാണ് പ്രസിഡന്റ് തീരുമാനം അറിയിച്ചത്. അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപെട്ട് എസ്.എഫ്.ഐ സമരം ചെയ്തിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു യോഗം. രണ്ടാം റാങ്കുകാരനെ നിയമിക്കാൻ ഒന്നാം റാങ്കുകാരിയെ സമ്മർദത്തിലാക്കിയെന്ന വാർത്തകൾ മാധ്യമങ്ങളിൽ നിന്നുള്ള അറിവ് മാത്രമാണുള്ളത്. അവർ വീടിനടുത്തു ജോലി ലഭിച്ചതിനാൽ കേരളവർമയിലെ ജോലിയിൽ പ്രവേശിക്കുന്നില്ലെന്ന് കത്തിലൂടെ അറിയിച്ചതായി പ്രസിഡന്റ് പറഞ്ഞു. മറ്റു പരാതികൾ ബോർഡിനോ കോളേജിനോ കഴിച്ചിട്ടില്ല. അത് കൊണ്ട് അത്തരം ആരോപണങ്ങളിൽ അന്വേഷിക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൊളിറ്റിക്കൽ സയൻസിലെ അതിഥി അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് വിവാദവും ആരോപണവും. പിന്മാറാൻ ഒന്നാം റാങ്കുകാരിക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്ന് ഇൻറർവ്യൂ പാനലിലുണ്ടായിരുന്ന അധ്യാപിക തന്നെയാണ് വെളിപ്പെടുത്തിയത്. ഇതോടൊപ്പം മുൻ എസ്.എഫ്.ഐ നേതാവിനെ ഒന്നാമതാക്കാൻ ഭീഷണിപ്പെടുത്തിയെന്നും അശ്ളീല ആംഗ്യം കാണിച്ചതായും ആരോപിച്ച് വിഷയ വിദഗ്ദ കൂടിയായ അധ്യാപിക ഡോ. ജ്യൂവൽ ജോൺ ആലപ്പാട്ടാണ് മേധാവിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. ഒന്നാം റാങ്കുകാരി കോളേജിലെ അധ്യാപികക്ക് അയച്ച വാട്സാപ്പ് ചാറ്റും പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ എസ്.എഫ്. ഐ പ്രിൻസിപ്പലിനെയും അടുത്ത ദിവസം സ്റ്റാഫ് കൗൺസിൽ യോഗത്തിൽ അധ്യാപകരെ തടഞ്ഞുവെച്ചും പ്രതിഷേധിച്ചിരുന്നു. ഒന്നാം റാങ്കുകാരിയായ യുവതി പാലക്കാട്ടെ മറ്റൊരു കോളേജിൽ അതിഥി അധ്യാപികയായി ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ രണ്ടാം റാങ്കുകാരനായ മുൻ എസ്.എഫ്.ഐ നേതാവിന് നിയമനം നൽകാൻ തടസമില്ല. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ തീരുമാനം നിർണായകമാവും

Advertisement