സി.ബി.ഐ വരുമോ..?: കരുവന്നൂർ ഇന്ന് ഹൈകോടതിയിൽ

13

കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ഹർജി ഒരു വർഷത്തിന് ശേഷം ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നു. ഇതോടൊപ്പം ഹൈകോടതിയുടെ മറ്റൊരു ബെഞ്ച് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ട നിക്ഷേപകർക്ക് പണം തിരിച്ച് നൽകാൻ എന്ത് ചെയ്യാനാകുമോയെന്നതും കാലാവുധി കഴിഞ്ഞ നിക്ഷേപകരുടെ വിശദാംശങ്ങളും സർക്കാർ ഇന്ന് കോടതിയിൽ അറിയിക്കണമെന്ന് നിർദേശിച്ചിട്ടുള്ളതും പരിഗണിക്കും.  ബാങ്ക് ക്രമക്കേടിൽ ഉന്നത സി.പി.എം നേതാക്കളെ രക്ഷിക്കാൻ കേസ് അട്ടിമറിക്കുകയാണെന്ന് ഹൈകോടതിയിൽ ഹർജി നൽകിയ ബാങ്കിലെ മുൻ ജീവനക്കാരൻ കൂടിയായ  എം.വി സുരേഷ് പറയുന്നു. ബാങ്കിൽ ലക്ഷങ്ങളുടെ നിക്ഷേപം ഉണ്ടായിട്ടും ചികിത്സക്ക് പണം ലഭിക്കാതെ 70കാരി ചികിൽസയിലിരിക്കെ മരിച്ചത് വിവാദമായതും പിന്നാലെ ചികിൽസാവശ്യവുമായെത്തിയവരെ മടക്കി അയച്ചുവെന്നതടക്കമുള്ള വിവരങ്ങൾ പുറത്ത് വന്നിരിക്കെയാണ് ഇടവേളക്ക് ശേഷം ഹൈകോടതി കരുവന്നൂർ വിഷയം പരിഗണിക്കുന്നത്. 104 കോടിരൂപയുടെ നിക്ഷേപ തട്ടിപ്പ് സി.പി.എം ഉന്നത നേതാക്കൾ ഇടപെട്ട് അട്ടിമറിക്കുകയാണെന്നും കോടതി മേൽനോട്ടത്തിൽ സി.ബി.ഐ കേസ് അന്വേഷിക്കണമെന്നുമാണ് സുരേഷ് നൽകിയ ഹർജിയിൽ ആവശ്യം. കഴിഞ്ഞ വർഷം ജൂലൈ 21ന് സുരേഷ് നൽകിയ ഹരജിയിൽ സർക്കാരും ബാങ്കും സി.ബി.ഐ അന്വേഷണത്തെ എതിർത്തിരുന്നു. ക്രൈംബ്രാ‌ഞ്ച് ഫലപ്രദമായ അന്വേഷണം നടത്തുന്നുണ്ടെന്നും പ്രതികളെല്ലാവരും അറസ്റ്റിലായതും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. നിക്ഷേപർക്ക് പണം നഷ്ടപ്പെടില്ലെന്ന് ബാങ്കും കോടതിയെ അറിയിച്ചു. എന്നാൽ വർഷം ഒന്ന് കഴി‌ഞ്ഞിട്ടും മുഴുവൻ പ്രതികളും കേസിൽ പ്രതിയായില്ലെന്നും തട്ടിപ്പ് പണം കണ്ടെടുക്കാനുള്ള നടപടിയും ഇതുവരെ ആയിട്ടില്ലെന്നുമുള്ളതടക്കം നിക്ഷേപകർ നൽകിയ രണ്ടാമത് നൽകിയ ഹരജികൂടി ഹൈകോടതിയുടെ മറ്റൊരു ബഞ്ച് തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്. ഈ ഹർജിയിലാണ് കാലാവധി പൂർത്തിയായ സ്ഥിരം നിക്ഷേപം പിൻവലിക്കാൻ എത്രപേർ അപേക്ഷ നൽകിയെന്നും സർക്കാറിന് ഇക്കാര്യത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്നും അറിയിക്കേണ്ടത്. ഹർജി പരിഗണിക്കുമ്പോൾ സർക്കാറിന് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടിവരും. കഴിഞ്ഞ ദിവസം സഹകരണ മന്ത്രി അറിയിച്ച അടിയന്തര സഹായമായ 25 കോടി അനുവദിക്കുന്നതും ഇതുവരെ 38.75 കോടി മടക്കി നൽകിയതും പ്രതികളുടെ വസ്തുക്കൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ തുടങ്ങിയതും ഹൈകോടതിയെ അറിയിക്കും. ഒരു വർഷം മുമ്പ് തന്നെ ജീവനക്കാരായിരുന്ന ആറ് പേരെ പ്രതിയാക്കി എൻഫോഴ്സ്മെന്റും കേസിൽ അന്വേഷണം തുടങ്ങിയിരുന്നു. ഇരിങ്ങാലക്കുട പൊലീസ് എടുത്ത എഫ്.ഐ.ആർ അടിസ്ഥാനത്തിലായിരുന്നു അന്വഷണം. ബാങ്കിൽ കോടികളുടെ കള്ളപ്പണം ഉണ്ടെന്നും ഇവ വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നുമായിരുന്നു ഇ.ഡി വ്യക്തമാക്കിയത്. എന്നാൽ പ്രാഥമിക പരിശോധനയല്ലാതെ തുടർ നടപടികളൊന്നും ഇഡിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. പുതിയ സാഹചര്യത്തിൽ ഹൈകോടതി ഇടപെടലുണ്ടാവുമെന്ന പ്രതീക്ഷയിലാണ് നിക്ഷേകർ.

Advertisement
Advertisement