ഹൈക്കോടതി ഇടപെടലുണ്ടായിട്ടും ദേശീയ പാത റീ ടാറിങ്ങിൽ ക്രമക്കേടെന്ന് കോൺഗ്രസ്: അടിയന്തരമായി ഇടപെടമെന്ന് പൊതുമരാമത്ത് മന്ത്രിക്ക് ജോസഫ് ടാജറ്റിന്റെ കത്ത്

24

തൃശൂർ അങ്കമാലി ഇടപ്പിള്ളി ദേശീയ പാതയിലെ അറ്റകുറ്റപണികൾ സംബന്ധിച്ച് ബഹു കേരള ഹൈ കോടതിയുടെ ശക്‌തമായ ഇടപെടലുണ്ടായിട്ടും റീ ടാറിങ് പ്രവൃത്തിയിൽ ക്രമക്കേട് നടത്തുകയാണെന്ന് ഡി.സി.സി വൈസ് പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ അഡ്വ ജോസഫ് ടാജറ്റ്. ഈ കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേശീയ പാത പ്രോജെക്ട് ഡയറക്ടർ, ജില്ലാ കളക്ടർ, സംസ്ഥാന പൊതുമരാമത്ത് മന്ത്രി, സെക്രട്ടറി എന്നിവർക്ക്‌ കത്ത് നൽകി. ദേശീയ പാതയിൽ അഞ്ച് വർഷത്തിലൊരിക്കലുള്ള റീ ടാറിങ് ഇനിയും പൂർത്തിയാകാത്ത സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി ടോൾ കരാർ കമ്പനി റീ ടാറിങ് നടത്തുന്നുണ്ട് ( കുഞ്ഞനം പാറമുതൽ നടത്തറ ഭാഗത്തേക്ക്‌ ). കരാറിലെ എൽ ഷെഡ്യൂൾ 4.3.2 (ii) പ്രകാരം Milling ( 40 mm കനത്തിൽ മേൽ ഭാഗം നാണയത്തിന്റെ ചുറ്റിനുള്ളപോലെ ചുരണ്ടിയെടുക്കൽ ) വേണമെന്നാണ് പറയുന്നത് , റീടാറിങ്‌ നടത്തുമ്പോൾ ദേശീയ പാത പണി പൂർത്തീകരിച്ച സമയത്തെ റോഡിന്റെ ലെവൽ (Finished Road Level) നിലനിർത്തണമെന്നും പറയുന്നുണ്ട് . എന്നാൽ ഇതിന് വിപരീതമായി milling നടത്താതെയാണ് റീ ടാർ ചെയ്യുന്നത്. അതുകൊണ്ട് തന്നെ റോഡിന്റെ ലെവൽ നിലവിലുള്ളതിനേക്കാൾ കൂടുതലായിരിക്കുന്നു. ഇതുമൂലം മീഡിയന്റെ ഉയരം കുറയുകയും റോഡും നടപ്പാതയുമായുമുള്ള ഉയരം കൂടുകയും അതുവഴി അപകട സാധ്യതകൾ വർദ്ധിക്കുകയും ചെയ്‌യുന്നു. ഇത്‌ വരെ കമ്പനി നടത്തിയ റീ ടാറിങ്ങ് ശരിയല്ലെന്ന് കാണിച്ച് ദേശീയ പാത പ്രോജെക്ട് ഡയറക്ടർ ഉൾപ്പെടെയുള്ളവക്കർക്ക് നിരവധി പരാതികൾ അയച്ചിട്ടും യാതൊരു പരിഹാരവുമുണ്ടായില്ല. ബഹു ഹൈക്കോടതി അറ്റകുറ്റപണികൾ പൂർത്തിയാക്കാത്തതിനെ സംബന്ധിച്ച് ഈ കഴിഞ്ഞ ദിവസങ്ങളിൽ ശക്‌തമായ ഇടപെടൽ നടത്തിയിട്ടും , പൊതുപ്രവർത്തകരും ജനപ്രതിനിധികളും മാധ്യമങ്ങളും കരാർ ലംഘനത്തിനെതിരെയും മറ്റും ശബ്ധമുയർത്തിയിട്ടും ഇത്തരത്തിലുള്ള ക്രമക്കേടുകൾ കരാർ കമ്പനി ചെയ്യുന്നത് ധാർഷ്ട്യമാണ് , ഇത്‌ നീതികരിക്കാനാവാത്തതാണ്. അതുകൊണ്ട് ഈ കാര്യത്തിൽ അടിയന്തിരമായി അധികൃതർ ഇടപ്പെട്ട് ശരിയായ റീ ടാറിങ് ചെയ്യണമെന്നാണ് കത്തിൽ ആവശ്യപെട്ടിട്ടുള്ളതെന്ന് അഡ്വ ജോസഫ് ടാജറ്റ് പറഞ്ഞു . പൊതുജനങ്ങളുടെ പണം വാങ്ങുന്ന കമ്പനി കരാർ പ്രകാരം പ്രവൃത്തിക്കുന്നില്ലെങ്കിൽ ജനങ്ങൾക്ക് നീതി വാങ്ങി നൽകാനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനുണ്ടെന്നും ആയതുകൊണ്ട് ഈ കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇടപെടണമെന്നും അഡ്വ ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.

Advertisement
Advertisement