ഇ.എം.എസ് വിട പറഞ്ഞിട്ട് ഇന്നേക്ക് 25 വർഷം. കേരളത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ മനുഷ്യൻ. ആധുനിക കേരളത്തിന്റെ ഭാവി നിർണയിച്ച ഭരണകർത്താവും സാമൂഹ്യ-സാംസ്‌കാരിക ഇടപെടലുകളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കമ്യൂണിസ്റ്റ് നേതാവുമായിരുന്നു ഇ.എം.എസ്. മലയാളിക്ക് ഒരിക്കലും ഓർമ്മക്കുറവ് വരാത്ത മൂന്നക്ഷരം. ബൗദ്ധികവും പ്രായോഗികവുമായ സാമൂഹ്യമുന്നേറ്റത്തിന് ചാലകശക്തിയായി വർത്തിച്ച യുഗാചാര്യന്റെ വിയോഗത്തിന്റെ കാൽനൂറ്റാണ്ട്.

മാർക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നതനേതാവ് , ചരിത്രകാരൻ, സാമൂഹിക പരിഷ്‌കർത്താവ്, ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനി, ജനകീയാസൂത്രണ പദ്ധതിയുടെ മുൻനിരക്കാരൻ വിശേഷണങ്ങൾ ഏറെയാണ്. ജീവിതത്തിലെ ലാളിത്യം, അക്ഷരാഭ്യാസമില്ലാത്തവരെപ്പോലും ആശയപരമായി ബലവത്താക്കിയ പ്രസംഗങ്ങൾ, ധിഷണയുടെ തീപ്പൊരികൾ പാറുന്ന ദാർശനിക സംവാദങ്ങൾ, എതിരാളികളെ നിഷ്പ്രഭരാക്കുന്ന ചാട്ടുളി പ്രയോഗങ്ങളും ഇടപെടലുകളും, അവസാനംവരെ തൊഴിലാളി വർഗത്തോട് പുലർത്തിയ കൂറ് എന്നിങ്ങനെ ഇ എം എസ് എന്ന മൂന്നക്ഷരത്തെ വിശേഷിപ്പിക്കാൻ വാക്കുകൾ പോരാതെ വരും.

1909 ജൂൺ 13ന് ഏലംകുളം മനയിൽ പിറന്ന വിപ്ലവനക്ഷത്രം യോഗക്ഷേമസഭയിലും കോൺഗ്രസിലും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലും പ്രവർത്തിച്ച് കമ്യൂണിസ്റ്റ് പാർടിയുടെ ഭാഗമായി. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനം ബ്രിട്ടീഷ് നിയമം ലംഘിച്ച് പോരാട്ടമുഷ്ടികൾ ഉയർത്തിപ്പിടിക്കാൻ തീരുമാനിച്ച കാലം. സെൻ്റ് തോമസ് കോളേജിലെ ഒരു ഡിഗ്രി വിദ്യാർത്ഥി ക്യാമ്പസ് ബഹിഷ്കരിച്ചു. ക്ലാസ്സിൽ നിന്നിറങ്ങിപ്പോയി കോഴിക്കോട്ടുചെന്ന് ഉപ്പു കുറുക്കി.അദ്ദേഹത്തിൻ്റെ അധ്യാപകൻ ഇങ്ങനെ പറഞ്ഞു, “എൻറെ ഏറ്റവും മികച്ച ചരിത്ര വിദ്യാർത്ഥി ഇതാ ക്ലാസിൽ നിന്ന് ഇറങ്ങി പോവുകയാണ്. എനിക്ക് ദുഃഖമില്ല. അയാൾ ചരിത്രം പഠിക്കേണ്ടവനല്ല, ചരിത്രം സൃഷ്ടിക്കേണ്ടയാളാണ്”. ഡിഗ്രി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ആ മനുഷ്യൻ പിന്നീട് കേരളം കണ്ട ഏറ്റവും മികച്ച ധിഷണാശാലിയായി മാറുകയായിരുന്നു.

കേവലമായ ജാതി സംഘടനയായി മാറാതിരിക്കാൻ യോഗക്ഷേമസഭയുടെ നേതൃത്വവുമായി നടന്നതാണ് നവോത്ഥാന വഴി. പിന്നീട് കോൺഗ്രസിലെ സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടകം കോഴിക്കോട് രൂപീകരിക്കുമ്പോഴും പാറപ്രത്ത് സമ്മേളനം നടന്നപ്പോഴും ഇഎംഎസ് ഉണ്ടായിരുന്നു. ഐക്യ കേരളം രൂപീകൃതമായി ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ മലയാളി ചുവപ്പുകൊടി ഉയർത്തിപ്പിടിച്ചു. ഇഎംഎസിൻ്റെ നേതൃത്വത്തിലുള്ള ജനകീയ സർക്കാർ ജാതിയുടെ അധികാര ശിരസ്സിനെ ചവിട്ടിമെതിച്ചു. മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും നിയന്ത്രിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ഒന്നായിരിക്കണം രാഷ്ട്രീയ പ്രവർത്തനമെന്ന് അടിയുറച്ച് വിശ്വസിച്ച നേതാവ്. 1957ൽ ആദ്യമായി കമ്യൂണിസ്റ്റ് പാർട്ടി ബാലറ്റിലൂടെ അധികാരത്തിൽ വന്നപ്പോൾ സർക്കാരിനെ നയിച്ചത് ഇഎംഎസ് നമ്പൂതിരിപ്പാട്.

കുടിയാന്മാരെ ഒഴിപ്പിക്കലും പടിയിറക്കലും തടയുന്ന ഓർഡിനൻസ് ഇ.എം.എസ് സർക്കാരിന്റെ സംഭാവനയായിരുന്നു. കേരളത്തിൻ്റെ മനുഷ്യാന്തസ്സിനെ നൂറ്റാണ്ടുകൾ മുന്നോട്ടു നടത്തി.ഒരു നൂറ്റാണ്ടിൻറെ പേരായി മാറിയ ഈ മനുഷ്യൻ ഇവിടെ ജീവിച്ചു എന്ന് കേരളം തലയുയർത്തി പിടിച്ചു പറഞ്ഞു. കൊടിക്കാലുകൾക്ക് ബലവും പോരാട്ടങ്ങൾക്ക് കടുപ്പവും കൂടേണ്ട കാലത്ത് അനിവാര്യമാവുകയാണ് ഇഎംഎസ് ഓർമ.ആധുനിക കേരളത്തിന്റെ രാഷ്ട്രീയ ചലനങ്ങളിലും സാമൂഹ്യ മുന്നേറ്റങ്ങളിലും സാംസ്‌കാരിക ഇടപെടലുകളിലും ഇ.എം.എസ്സിന്റെ വ്യക്തിമുദ്ര പതിഞ്ഞിട്ടുണ്ട്. ഏത് രാഷ്ട്രീയ സാഹചര്യത്തെയും വ്യത്യസ്തമായി വ്യാഖ്യാനിക്കാനുള്ള കൗശലവും ധിഷണാശക്തിയും ഒരുപോലെ പ്രകടിപ്പിച്ചു ഇ.എം.എസ്. ആറ് തവണ കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ഇ.എം.എസ് രണ്ട് തവണ മുഖ്യമന്ത്രിയും ഒന്നര ദശാബ്ദത്തോളം പ്രതിപക്ഷ നേതാവുമായിരുന്നു.

‘മാർക്‌സിസ്റ്റ് സംവാദത്തിന്റെ’ പത്രാധിപർ, എ.കെ.ജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ, ദേശാഭിമാനി ചീഫ് എഡിറ്റർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച ഇ.എം.എസ് നൂറിലധികം പുസ്തകങ്ങൾ എഴുതി. ഇ.എം.എസ്സിന്റെ വിയോഗമുണ്ടാക്കിയ ശൂന്യത ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിൽ ഇപ്പോഴും പ്രകടമാണ്. വിശേഷിച്ച് സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളിൽ. ഇന്ത്യൻ രാഷ്‌ട്രീയത്തിൽ സൂര്യതേജസായി. ഏതാനും സംസ്ഥാനങ്ങളിൽമാത്രം സ്വാധീനമുള്ള പാർടിയുടെ നേതാവായിട്ടും രാജ്യത്തെ സർക്കാരുകളെല്ലാം ഇ.എം.എസിന്റെ വാക്കുകൾക്ക് വിലകൽപ്പിച്ചു. രാഷ്ട്രീയ ദശാസന്ധികാലത്ത് രാജ്യവും ഇടതുപക്ഷ പ്രസ്ഥാനങ്ങളും നേരിടുന്നത് ഈ ശൂന്യതയാണ്.
മരിച്ചാലും പിടിവിടാതെ മനുഷ്യ വിമോചനം സാധ്യമാക്കാൻ ഈ മൂന്നക്ഷരം ഇടപെട്ടു കൊണ്ടിരിക്കുക തന്നെ ചെയ്യും.
