നിയമസഭാ സംഘർഷം; പ്രത്യേക സംഘം അന്വേഷിക്കും

14

നിയമസഭാ മന്ദിരത്തിനുള്ളില്‍ സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷം അന്വേഷിക്കാന്‍ പ്രത്യേക സംഘം. എംഎല്‍എമാരും പൊലീസും ഉള്‍പ്പെടുന്ന കേസ് ആയതിനാലാണ് പ്രത്യേക സംഘത്തിന് കൈമാറുന്നത്. സംഘര്‍ഷത്തിനിടെ പരുക്കേറ്റവരെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തും.അതേസമയം നിയമസഭക്കുള്ളില്‍ നടന്ന സംഘര്‍ഷമായാലും ഗുരുതര കുറ്റകൃത്യമാണെങ്കില്‍ പൊലീസിന് കേസെടുക്കാം. എന്നാല്‍ തെളിവെടുപ്പ് നടത്തുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ക്ക് നിയമസഭാ സെക്രട്ടറിയേറ്റിന്റെ അനുമതി വേണം. സിസിടിവി ദൃശ്യങ്ങളും സഭാ ദൃശ്യങ്ങളും പരിശോധിക്കും.സംഘര്‍ഷത്തില്‍ പ്രതിപക്ഷ-ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ ഇതിനകം കേസെടുത്തിട്ടുണ്ട്. ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യം ലഭിക്കുന്നതും പ്രതിപക്ഷത്തെ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ അതിക്രമം തടയുക എന്ന വിഷയത്തില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ അസാധാരണ സംഭവങ്ങളായിരുന്നു സ്പീക്കറുടെ ഓഫീസിന് മുന്നില്‍ അടക്കം നടന്നത്. സ്പീക്കറെ സംരക്ഷിക്കാന്‍ ഭരണപക്ഷ എംഎല്‍എമാരും സ്പീക്കറുടെ ഓഫീസിന് മുന്നിലെത്തിയതോടെ പ്രതിപക്ഷ ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ച്ചയായി അടിയന്തര പ്രമേയങ്ങള്‍ക്ക് സ്പീക്കര്‍ അനുമതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചത്.

Advertisement
Advertisement