പിന്നിൽ നിന്നും കഠാരയിറക്കി തോൽപ്പിക്കാം, ആത്മാഭിമാനം പണയപ്പെടുത്തി ആരുടെ മുന്നിലും മുട്ടിലിഴയില്ല: കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി ആര്യാടൻ ഷൗക്കത്ത്

49

ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്തതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ആര്യാടന്‍ ഷൗക്കത്ത്. പദവികളുടെ പടി വാതിലടച്ച് പുറത്ത് നിര്‍ത്താം, എന്നാല്‍ ആത്മാഭിമാനം കളങ്കപ്പെടുത്തി ആരുടെ മുന്നിലും കീഴ്‌പ്പെടാനില്ലെന്നും ഷൗക്കത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

2016ലെ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ തന്നെ പിന്നില്‍ നിന്ന് കുത്തി പരാജയപ്പെടുത്തിയെന്നും പോസ്റ്റില്‍ പരോക്ഷമായി ഷൗക്കത്ത് ആരോപിക്കുന്നുണ്ട്.

‘പിന്നില്‍ നിന്നും കഠാരയിറക്കി കീഴ്‌പ്പെടുത്തി കഴിവ്‌കെട്ട യോദ്ധാവെന്ന് മുദ്രകുത്താം. പദവികളുടെ പടി വാതിലടച്ച് പുറത്ത് നിര്‍ത്താം. പദവികള്‍ക്ക് വേണ്ടി മതേതര മൂല്യങ്ങള്‍ പണയം വെച്ച് മതാത്മക രാഷ്ടീയത്തിന്റെ ഉപജാപങ്ങള്‍ക്ക് മുന്നില്‍ മുട്ടിലിഴയുന്നവര്‍ അറിയുക. ഇനിയും ഒരുപാട് തോറ്റാലും ശരി, നാടിന്റെ മോചനം സാധ്യമാക്കിയ ദേശീയ കുലത്തിന്റെ ആത്മഭിമാനം കളങ്കപ്പെടുത്തി ആരുടെ മുന്നിലും കീഴ്‌പ്പെടാനില്ല. ഇനിയും നടക്കാനേറെയുണ്ട്. ഒട്ടേറെ സൂര്യോദയങ്ങള്‍ കാണാനുണ്ട്’ ആര്യാടന്‍ ഷൗക്കത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ആര്യാടന്‍ ഷൗക്കത്തിന് നല്‍കിയ മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കഴിഞ്ഞ ദിവസം വീണ്ടും വി.വി.പ്രകാശിനെ നിയോഗിച്ചിരുന്നു. ഇതോടെ തിശങ്കുവിലായത് ആര്യാടന്‍ ഷൗക്കത്താണ്. നേരത്തേ സീറ്റുതര്‍ക്കത്തിന്റെ ഭാഗമായാണ്, ഒരു നീക്കുപോക്കെന്ന നിലയില്‍ ഷൗക്കത്തിന് ഡി.സി.സി. പ്രസിഡന്റ് സ്ഥാനം നല്‍കിയത്.

അഞ്ചു ജില്ലകളിലെ ഡി.സി.സി. പ്രസിഡന്റുമാരെ തിരഞ്ഞെടുപ്പു കാലത്ത് തത്സ്ഥാനത്തുനിന്ന് നീക്കിയിരുന്നെങ്കിലും മലപ്പുറത്തെ മാറ്റം ഒരു പ്രത്യേക സാഹചര്യത്തിലായിരുന്നു.

നിലമ്പൂര്‍ സീറ്റിനുവേണ്ടി വി.വി. പ്രകാശും ആര്യാടന്‍ ഷൗക്കത്തും തമ്മിലുണ്ടായിരുന്ന തര്‍ക്കം സംസ്ഥാനതലത്തില്‍ തന്നെ കോണ്‍ഗ്രസ്സിന് വലിയ തലവേദനയായിരുന്നു. ഇതിനെത്തുടര്‍ന്ന് സ്ഥാനാര്‍ഥിനിര്‍ണയം നീണ്ടുപോവുകയുംചെയ്തു. കഴിഞ്ഞതവണ ഷൗക്കത്തിനുവേണ്ടി ഒഴിഞ്ഞുകൊടുത്തതിനാല്‍ ഇത്തവണ മാറിനില്‍ക്കാന്‍ തയ്യാറല്ലെന്ന് വി.വി പ്രകാശും നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കുമെന്ന് ഷൗക്കത്തും നിലപാടെടുത്തതോടെയാണ് നേതൃത്വം കുഴങ്ങിയത്.

ഷൗക്കത്തിന് പട്ടാമ്പി സീറ്റ് വാഗ്ദാനംചെയ്‌തെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. അതോടെയാണ് ഡി.സി.സി. പ്രസിഡന്റായി നിയമിച്ചത്. താത്കാലിക ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്തിനുവേണ്ടി പട്ടാമ്പി സീറ്റ് തിരസ്‌കരിച്ചത് രാഷ്ട്രീയ മണ്ടത്തരമായിപ്പോയെന്ന ചിന്തയാണ് ഷൗക്കത്തിനും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കും.

കെ.പി.സി.സി. പ്രസിഡന്റിന്റെ അറിയിപ്പ് വന്നയുടന്‍, ഡി.സി.സി. പ്രസിഡന്റിന്റെ ചുമതല നിര്‍വഹിക്കാന്‍ 20 ദിവസം അവസരം തന്നതിന് നന്ദി രേഖപ്പെടുത്തി ഷൗക്കത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുണ്ടായിരുന്നു. നിലമ്പൂരില്‍ യു.ഡി.എഫ്. വിജയിച്ചാല്‍ വീണ്ടും ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് ഷൗക്കത്തിനുതന്നെ നറുക്കുവീണേക്കാം. എന്നാല്‍ സീറ്റ് നഷ്ടപ്പെട്ടാല്‍ ഷൗക്കത്തിന് എന്തുസ്ഥാനം കൊടുക്കണമെന്ന കാര്യത്തില്‍ വീണ്ടും തര്‍ക്കത്തിന് സാധ്യതയുണ്ട്.