നഗരസഭാ അധ്യക്ഷപദവിയിൽ പാർട്ടിമുഖമുള്ളയാളെ നിറുത്തിയില്ല: ആലപ്പുഴയിൽ സി.പി.എം നേതൃത്വത്തിനെതിരെ റോഡിലിറങ്ങി പരസ്യ പ്രതിഷേധം

33

ആലപ്പുഴ നഗരസഭാ അധ്യക്ഷപദവിയിലെ തര്‍ക്കത്തെ തുടര്‍ന്ന് സി.പി.എം നേതൃത്വത്തിനെതിരേ പരസ്യ പ്രതികരണവുമായി ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തി. പാര്‍ട്ടിയില്‍ ഏറെ നാളത്തെ പരിചയമുള്ള ഏരിയാ കമ്മിറ്റി അംഗം കൂടിയായ കെ.കെ ജയമ്മയെ അധ്യക്ഷയാക്കാതെ ഒരു തവണ മാത്രം കൗണ്‍സിലര്‍ ആയ സൗമ്യ രാജിനെ അധ്യക്ഷ പദവയിലേക്ക് തിരഞ്ഞെടുത്തതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗം കൂടിയായ കെ.കെ ജയമ്മയ്ക്ക് പകരം സൗമ്യ രാജിനെ തിരഞ്ഞെടുത്തത് കോഴവാങ്ങിയാണെന്നാരോപിച്ച് നേതൃത്വത്തിനെതിരേ നൂറോളം പ്രവര്‍ത്തകര്‍ പാര്‍ട്ടികൊടിയും മുദ്രാവാക്യവുമായി തെരുവിലിറങ്ങി. പി.പി ചിത്തരഞ്ജന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെയാണ് പരസ്യ പ്രതിഷേധം നടത്തിയത്. സംഭവത്തിൽ അന്വേഷിക്കുമെന്ന് സിപിഎം നേതൃത്വം അറിയിച്ചു.