കേരളം അഴിമതിയുടെ കേന്ദ്രമായി മാറിയെന്ന് അമിത് ഷാ

6

കേരളം അഴിമതിയുടെ കേന്ദ്രമായി മാറിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്‍ഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേരളം ഒരു കാലഘട്ടത്തില്‍ വികസനത്തിന്റെ മോഡലായും വിദ്യാസമ്പന്നരായ ആളുകളുള്ള സംസ്ഥനമെന്നും അറിയപ്പെട്ടിരുന്നു. ഏറ്റവും സമാധാനമുള്ള സംസ്ഥാനമെന്നും പറയപ്പെട്ടിരുന്നു. എന്നാല്‍ യുഡിഎഫും എല്‍ഡിഎഫും ചേര്‍ന്ന്  കേരളത്തെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റി. യുഡിഎഫ് സോളാര്‍ അഴിമതിയും എല്‍ഡിഎഫ് ഡോളര്‍-സ്വര്‍ണക്കടത്ത് അഴിമതിയും നടത്തി. സമാധാനത്തിന് പ്രസിദ്ധമായിട്ടുള്ള കേരളം ഇന്ന് നൂറുകണക്കിന് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങളാല്‍ രക്തപങ്കിലമായി മാറി,’ അമിത് ഷാ പറഞ്ഞു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉപദ്രവിക്കുന്ന രീതിയിലാണ് അന്വേഷണം നടത്തുന്നതെന്നാണ് കേരള മുഖ്യമന്ത്രി പറയുന്നത്. എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്തിരുന്നോ ഇല്ലയോ എന്നതാണ്. കേരളത്തിലെ ജനങ്ങളോട് മറുപടി പറയണമെന്നും ഷാ വ്യക്തമാക്കി.

‘സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിക്ക് മൂന്ന് ലക്ഷം രൂപ ശമ്പളം നല്‍കിയോ എന്ന് പറയണം. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതികള്‍ക്ക് വേണ്ടി ഫോണ്‍ ചെയ്തിരുന്നോ എന്ന് പറയണം. മുഖ്യപ്രതി സര്‍ക്കാര്‍ ചെലവില്‍ വിദേശത്ത് പോയോ എന്നും പറയണം. വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ചതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് കസ്റ്റംസ് ഓഫീസര്‍മാരില്‍ സമ്മര്‍ദ്ദം ചെലുത്തിയോ എന്നും പറയണം’ അമിത് ഷാ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തില്‍ പിന്‍വാതില്‍ നിയമനങ്ങളുണ്ടായി. അവരുടെ കേഡറുകള്‍ക്ക് പിഎസ്‌സിയെ അട്ടിമറിച്ച് ജോലി നല്‍കി. പിഎസ്‌സി റാങ്ക് നേടിയ ഉദ്യോഗാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്ന അവസ്ഥയുണ്ടായി. കേരളത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് ആവര്‍ത്തനം അവസാനിപ്പിച്ച് മാറ്റമുണ്ടാക്കേണ്ട സമയമായിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വികസനവുമായി മുന്നോട്ട് പോകുന്ന സന്ദര്‍ഭത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങികുളിച്ചുകൊണ്ടിരിക്കുകയാണ്. പ്രളയകാലത്ത് അഞ്ഞൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. രാഷ്ട്രീയ ലക്ഷ്യത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ കേന്ദ്ര സേനയെ വിളിക്കുന്നതില്‍ താമസം വരുത്തി.  കോണ്‍ഗ്രസ് എന്നത് ഭാരതത്തില്‍ ഇല്ലാതായിരിക്കുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.