
എട്ട് ക്രൈസ്തവസഭ മത മേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.
സഭയുടെ ആശങ്കകളും ആവശ്യങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചതായി ക്രൈസ്തവ സഭ മേലധ്യക്ഷൻമാർ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. പ്രധാനമന്ത്രിയുമായുള്ള സൗഹൃദ സംഭാഷണം ആയിരുന്നു നടന്നതെന്ന് കൂടിക്കാഴ്ചക്ക് ശേഷം ബിഷപ്പുമാർ പറഞ്ഞു. ക്രൈസ്തവർക്കെതിരായ അക്രമസംഭവങ്ങൾ ലത്തീൻസഭ കൂടിക്കാഴ്ചയിൽ ഉയർത്തിക്കാട്ടി. അക്രമം അവസാനിപ്പിക്കാനുള്ള അടിയന്തര നടപടി വേണമെന്ന് സഭാധ്യക്ഷന്മാർ ആവശ്യപ്പെട്ടു.
കെ സുരേന്ദ്രൻ, ഡോ.കെ എസ് രാധാകൃഷ്ണൻ, എ എൻ രാധാകൃഷ്ണൻ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഓരോ സഭാ അധ്യക്ഷനും അഞ്ച് മിനിറ്റ് വീതമാണ് കൂടിക്കാഴ്ചയ്ക്കായി അനുവദിച്ചത്.
എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. യുവം സംഗമത്തിന് പിന്നാലെ കൊച്ചിയിലെ താജ് മലബാർ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. 20 മിനിറ്റിലധികം പ്രധാനമന്ത്രി ബിഷപ്പുമാരുമായി സംവദിച്ചു. മാർ ജോർജ്ജ് ആലഞ്ചേരി ഉൾപ്പെടെ എട്ട് സഭയുടെ മേലധ്യക്ഷൻമാരാണ് പ്രധാനമന്ത്രിയെ കാണാൻ എത്തിച്ചേർന്നത്.