സഖാവ് രാഘവേട്ടൻ്റെ വീട് ഓർമ്മയാകുന്നു

30

അവണൂരിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ മുൻനിരയിൽ പ്രവർത്തിച്ച പി.വി.രാഘവൻ്റെ ( പുഴയ്ക്കൽ രാഘവേട്ടൻ ) അറുപതു വർഷം പഴക്കമുള്ള ഭവനം ഓർമ്മയാകുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടേയും തുടർന്ന് സി.പി.എം ൻ്റേയും ഒട്ടനവധി യോഗങ്ങൾ ഈ വീട്ടിൽ നടന്നിട്ടുണ്ട്. ജില്ലയിലെ മുതിർന്ന നേതാക്കളൊക്കെ തന്നെ പ്രസ്തുത യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. എം.എ.കൃഷ്ണൻ്റെ ഒളിവു ജീവിതത്തിൽ ഏതാനും ദിവസം ഈ വീടായിരുന്നു സങ്കേതം.കെ.പി.അരവിന്ദാക്ഷൻ അവണൂരിലെത്തിയാൽ ഇവിടെ കയറുക പതിവായിരുന്നു. എം എം വർഗീസ് ,എം കെ .കണ്ണൻ , എ എസ് കുട്ടി എന്നീ സഖാക്കളൊക്കെ രാഘവേട്ടൻ്റെ വീട്ടിൽ നടന്ന പാർട്ടി യോഗങ്ങളിൽ സംബന്ധിച്ചിട്ടുണ്ട്.

സിലോണിലെ ജോലി ഉപേക്ഷിച്ച് 1953 കാലഘട്ടത്തിൽ നാട്ടിലെത്തിയ പി.വി.ആർ നാട്ടിൽ കമ്യൂണിസത്തിൻ്റെ വിത്തു പാകി. മണിത്തറയിലും ,തുടർന്ന് അവണൂരിലുമായി നടത്തിയിരുന്ന ചായക്കട സഖാക്കൾക്ക് ചർച്ചകൾക്കുള്ള കേന്ദ്രമായിരുന്നു.കാൽനടയായും ,സൈക്കിൾ ചവുട്ടിയും പാർട്ടി പ്രവർത്തനം നടത്തി വരുന്ന സഖാക്കൾക്ക് രാഘവേട്ടൻ്റെ ചായയും സ്നേഹവും പതിവായിരുന്നു.
അവണൂരിലെ കൂട്ടുകുടുംബങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ അംഗങ്ങൾ താമസിച്ചിരുന്ന വീടായിരുന്നു ഇത്. 24 പേർ.രാഘവൻ്റെ അച്ഛൻ വേലപ്പനാണ് വീട് പണിതത്.
പുതിയ വീട് പണിയുന്നതിനു വേണ്ടിയാണ് പഴയ വീട് പൊളിച്ചുമാറ്റുന്നത്. വാർദ്ധക്യത്തിൻ്റെ അവശത ഒട്ടുമില്ലാതെ ഇപ്പോഴും അവണൂരിലെ സഖാക്കൾക്ക് ആവേശം പകരുകയാണ് രാഘവേട്ടൻ

ജയൻ അവണൂർ