‘മാത്തൂർ മാതൃക തൃശൂരിലും’: അവിണിശേരി പഞ്ചായത്തിലും ‘സർ, മാഡം’ വിളികൾ വിലക്കി

23

പാലക്കാട് ജില്ലയിലെ മാത്തൂർ പഞ്ചായത്ത് തുടങ്ങിവെച്ച ‘സാർ, മാഡം’ വിളികൾ ഒഴിവാക്കൽ തൃശൂർ ജില്ലയിലേക്കും. ജില്ലയിൽ ബി.ജെ.പി ഭരിക്കുന്ന അവിണിശ്ശേരി പഞ്ചായത്തും അപേക്ഷകളിൽ ഇത്തരം വിളികൾ ഒഴിവാക്കാൻ തീരുമാനിച്ചു. കക്ഷി ഭേദമില്ലാതെ ഐക്യകണ്ഠേനയാണ് തീരുമാനം എടുത്തതെന്ന് പ്രസിഡണ്ട് ഹരി സി. നരേന്ദ്രൻ പറഞ്ഞു. ഭരണ കക്ഷിയായ ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷമില്ലാത്ത പഞ്ചായത്ത് യോഗത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രതിനിധികൾ തീരുമാനത്തെ അനുകൂലിച്ചു. ബി.ജെ.പിക്ക് ആറും എൽ.ഡി.എഫിന് അഞ്ചും യു.ഡി.എഫിന് മൂന്നും പ്രതിനിധികളാണുള്ളത്. എൽ.ഡി.എഫിന്റെ മൂന്ന് പേർ യോഗത്തിന് എത്തിയിരുന്നില്ല. പഞ്ചായത്ത് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്ക് വരുന്നവരും അപേക്ഷ നൽകുന്നവരും ജീവനക്കാരെയും ജനപ്രതിനികളെയും സർ എന്നും മാഡം എന്നും ഇനി സംബോധന ചെയ്യേണ്ടതില്ലെന്നാണ് ഭരണസമിതിയുടെ തീരുമാനം. സേവനത്തിനുള്ള കത്തിടപാടുകളിൽ അപേക്ഷിക്കുന്നു, അഭ്യർഥിക്കുന്നു എന്നീ പദങ്ങൾ ഒഴിവാക്കി അവകാശപ്പെടുന്നു, താൽപര്യപ്പെടുന്നു എന്നീ പദങ്ങൾ ഉപയോഗിച്ചാൽ മതിയെന്നാണ് നിർദേശം. ഒഴിവാക്കപ്പെടുന്ന പദങ്ങൾ ഇല്ലാത്തതിന്റെ പേരിൽ സേവനങ്ങൾ തടസപ്പെട്ടാൽ പ്രസിഡണ്ടിനോടോ സെക്രട്ടറിയോടോ പരാതിപ്പെടാം. പ്രാചീനമായ ഒരു സമ്പ്രദായം ഒഴിവാക്കാൻ ഒരുമിച്ചു നിൽക്കുകയായിരുന്നുവെന്ന് സി.പി.എം നേതാവ് കെ. ശശിധരൻ പറഞ്ഞു.