അവിണിശേരി ഖാദി അസോസിയേഷൻ തെരഞ്ഞെടുപ്പ് അട്ടിമറിക്ക് പിന്നിൽ കോൺഗ്രസ് നേതാവിന്റെ ഗൂഡാലോചന; റിട്ടേണിങ് ഓഫീസറുടെ മൊഴി പുറത്ത്; ക്രമക്കേട് സ്ഥിരീകരിക്കുന്ന ദൃശ്യങ്ങൾ ‘റൗണ്ട്സ് ടൈം’ പുറത്ത് വിടുന്നു

299

രാഷ്ട്രീയ എതിരാളികളില്ലാത്ത കോൺഗ്രസ് നിയന്ത്രണത്തിലുള്ള അവിണിശേരിയിലെ കേരള ഖാദി ഗ്രാമ വ്യവസായ അസോസിയേഷൻ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അട്ടിമറിക്ക് പിന്നിൽ കോൺഗ്രസ് നേതാവ്. നിലവിലെ ഭരണസമിതിയുടെ പ്രസിഡണ്ടും മുൻ മന്ത്രി സി.എൻ ബാലകൃഷ്ണന്റെ മകളും മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ സി.ബി ഗീത നിർദേശിച്ചതനുസരിച്ചാണ് താൻ ഇത് ചെയ്തതെന്ന് തെരഞ്ഞെടുപ്പിലെ വരണാധികാരിയായിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ ശ്യാം പോലീസിനോട് സമ്മതിച്ചു. എങ്ങനെയാണ് ക്രമക്കേട് നടത്തിയതെന്ന് പോലീസിനോട് വിശദീകരിക്കുകയും തനിക്ക് പിഴവ് സംഭവിച്ചതാണെന്നും ശ്യാം പോലീസിനോട് സമ്മതിച്ചു. ശ്യാമിന്റെ വെളിപ്പെടുത്തലിന് പിന്നാലെ തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസറുടെ ഉത്തരവാദിത്വമാണെന്നും തനിക്ക് ഉത്തരവാദിത്വമില്ലെന്നും മറ്റ് ഭരണസമിതി അംഗങ്ങളുടെയും സാനിധ്യത്തിൽ ഗീത റിട്ടേണിങ് ഓഫീസറായിരുന്ന യൂത്ത് കോൺഗ്രസ് നേതാവിനെ തള്ളിപ്പറഞ്ഞു. ഇതോടെ വാക്കേറ്റവും നടന്നുവെങ്കിലും പോലീസ് ഇടപെട്ട് ശാന്തമാക്കി. പ്രത്യേകം നിർമിച്ച ബാലറ്റ് പെട്ടിയിൽ പ്രത്യേകം അറയുണ്ടാക്കി അമ്പത് ബാലറ്റുകൾ സി.ബി.ഗീതയുടെ പാനലിന് വോട്ട് രേഖപ്പെടുത്തി ആദ്യം നിക്ഷേപിച്ച് വെച്ചിരിക്കുകയായിരുന്നു. ആകെ 196 വോട്ടുകൾ മാത്രമേ ഉള്ളൂവെന്നിരിക്കെ പരാതിയെ തുടർന്ന് ബാലറ്റുകൾ എണ്ണിയപ്പോൾ അധികമായി കണ്ടെത്തുകയും ചെയ്തു. തെരഞ്ഞെടുപ്പിനിടയിലെ സംഘർഷവും പരാതിയും ലഭിച്ചതിനെ തുടർന്ന് നെടുപുഴ പോലീസ് ഗീതക്കും യൂത്ത് കോൺഗ്രസ് നേതാവിനുമെതിരെ കേസെടുത്തിരുന്നു. സംഭവം വാർത്തയായതോടെ ജില്ലാ കോൺഗ്രസ് നേതൃത്വം ഒത്തു തീർപ്പ് ചർച്ചക്കായി ശ്രമിച്ചുവെങ്കിലും നീക്കം പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് ക്രമക്കേടിൽ പോലീസിൽ പരാതി നൽകിയ സെക്രട്ടറി കേശവനെതിരെ ഗീത പക്ഷത്തുള്ളവർ ഭീഷണിയുയർത്തുകയും ചെയ്തുവത്രെ. ഹൈകോടതിയിൽ കേശവൻ വിഭാഗം ഹർജി നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കിയ ദൃശ്യങ്ങൾ പുറത്തുവന്നു. നിലവിലെ പ്രസിഡന്റും മുൻമന്ത്രി സി എൻ ബാലകൃഷ്‌ണന്റെ മകളുമായ സി.ബി ഗീത പറഞ്ഞിട്ടാണ് താൻ കൂടുതൽ ബാലറ്റുകൾ പെട്ടിയിൽ നിക്ഷേപിച്ചതെന്ന് റിട്ടേണിംഗ് ഓഫീസർ നെടുപുഴ പൊലീസിനു മുമ്പാകെ സമ്മതിക്കുന്ന വീഡിയോദൃശ്യങ്ങളാണ് പുറത്തുവന്നത്. പെട്ടിക്കകത്തെ രഹസ്യ അറയും അത് തുറന്നു ബാക്ക് എടുക്കുന്ന ദൃശ്യങ്ങളുമടക്കമുള്ളവ ദൃശ്യങ്ങളിലുണ്ട്. ബാലറ്റ് പെട്ടി പോലീസ് സീൽ ചെയ്ത് സൂക്ഷിച്ചിരിക്കയാണ്. കോൺഗ്രസിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ഇതുവരെയും നേതാക്കൾ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

Advertisement

Advertisement