ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലെത്തിയ അഞ്ചുകോടി രൂപയുടെ ഉറവിടം വ്യക്തമാക്കണമെന്ന് കർണാടക ഹൈക്കോടതി

47

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റുചെയ്ത ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലെത്തിയ അഞ്ചുകോടി രൂപയുടെ ഉറവിടം വ്യക്തമാക്കണമെന്ന് കർണാടക ഹൈക്കോടതി. പണത്തിന്റെ ഉറവിടം സംബന്ധിച്ച തെളിവുകൾ സമർപ്പിക്കാൻ കൂടുതൽ സമയം നൽകാമെന്നറിയിച്ച ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ജാമ്യാപേക്ഷ പരിഗണിക്കുന്നത് 24-ലേക്ക് മാറ്റി.

ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ചുകോടിരൂപ എവിടെനിന്ന് വന്നതാണെന്നും ലഹരിമരുന്നുകേസിൽ പ്രതിയായ മുഹമ്മദ് അനൂപല്ലെങ്കിൽ പിന്നെ ആരാണ് പണം നിക്ഷേപിച്ചതെന്നും കോടതി ബിനീഷിന്റെ അഭിഭാഷകനോട് ആരാഞ്ഞു. എന്നാൽ, പഴം-പച്ചക്കറി, മത്സ്യ മൊത്തവ്യാപാരത്തിലൂടെയും മറ്റ് ബിസിനസുകളിലൂടെയും ലഭിച്ച പണമാണിതെന്ന് അഭിഭാഷകൻ മറുപടിനൽകി. കഴിഞ്ഞ എട്ടുവർഷത്തിനിടെ പലപ്പോഴായാണ് പണം അക്കൗണ്ടിലെത്തിയതെന്നും അഭിഭാഷകൻ പറഞ്ഞു. ലഹരിമരുന്നുകേസിൽ ബിനീഷിനെ എൻ.സി.ബി. പ്രതിചേർത്തിട്ടില്ലെന്ന കാര്യവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ, അക്കൗണ്ടിൽ പണംവന്നത് എവിടുന്നാണെന്ന് വ്യക്തമാക്കുന്ന രേഖകൾസഹിതം ഹാജരാക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു.