മതമേലദ്ധ്യക്ഷന്‍മാര്‍ സമൂഹത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാകരുത്: നർക്കോട്ടിക് ജിഹാദ് വിവാദത്തിൽ ബിഷപ്പ് കല്ലറങ്ങാട്ടിനെതിരെ ഡി.വൈ.എഫ്.ഐ

10

ലൗ ജിഹാദിന് പുറമെ നാര്‍ക്കോട്ടിക് ജിഹാദും ഉണ്ടെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവന അപലപനീയമാണെന്ന് ഡിവൈഎഫ്‌ഐ. യാതൊരു തെളിവുകളുടെയും അടിസ്ഥാനമില്ലാതെ ഇത്തരം പ്രസ്താവന അപകടകരമാണ്. കേരളത്തിന്റെ സമാധാന അന്തരീക്ഷവും മത സൗഹാര്‍ദ്ദവും തകര്‍ക്കുന്ന ഇത്തരം പ്രസ്താവന ഒരു മതമേലാധ്യക്ഷന്റെ ഭാഗത്തുനിന്നും ഉണ്ടായത് അത്യന്തം അപകടകരമാണ്. ഇത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറയുന്നു.

ഒരുമയോടെ നിലനില്‍ക്കുന്ന സമൂഹത്തില്‍ വിഭാഗീയത വളര്‍ത്താനുള്ള ശ്രമങ്ങള്‍ അനുവദിക്കാനാവില്ല. അതിരുകടന്ന പ്രസ്താവന പാലാ ബിഷപ്പ് പിന്‍വലിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തും. മതമേലദ്ധ്യക്ഷന്‍മാര്‍ സമൂഹത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ആകരുതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.