പൗരത്വ നിയമം നടപ്പിലാക്കും, സർക്കാർ ജോലിയിൽ വനിതകൾക്ക് 33% സവരണം നടപ്പിലാക്കും: വമ്പൻ പ്രഖ്യാപനങ്ങളുമായി ബിജെപി ബംഗാൾ പ്രകടന പത്രിക പുറത്തിറങ്ങി

5

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക പുറത്തിറക്കി. വനിതകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് പ്രകടനപത്രികയില്‍ ബിജെപി വാഗ്ദാനം ചെയ്യുന്നു. അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കുമെന്ന പ്രഖ്യാപനവും പ്രകടനപത്രികയിലുണ്ട്.  

സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട് പൊതുഗതാഗത സംവിധാനത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ബിരുദാനന്തര ബിരുദം വരെ എല്ലാ പെണ്‍കുട്ടികള്‍ക്കും സൗജന്യ വിഭ്യാഭ്യാസം തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്. എല്ലാ കുടുംബങ്ങളിലെയും ഒരാള്‍ക്ക് തൊഴില്‍, മത്സ്യത്തൊഴിലാളികള്‍ക്ക് വര്‍ഷം 6,000 രൂപ തുടങ്ങിയ സുപ്രധാന വാഗ്ദാനങ്ങളും ബിജെപി നല്‍കി. ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രകടനപത്രിക പുറത്തിറക്കിയത്. 

സുവര്‍ണ ബംഗാള്‍ എന്ന സ്വപ്‌നം അടിസ്ഥാനമാക്കിയാണ് പ്രകടനപത്രിക തയ്യാറാക്കിയതെന്ന് പത്രിക പുറത്തിറക്കി അമിത് ഷാ പറഞ്ഞു. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 10000 രൂപ, രാഷ്ട്രീയ അക്രമണങ്ങളില്‍ ഇരയാകുന്നവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്. ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പിന് ഒരാഴ്ച ശേഷിക്കെയാണ് വലിയ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക പുറത്തിറക്കിയത്. 

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആദ്യ മന്ത്രിസഭയില്‍ തന്നെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള തീരുമാനമെടുക്കും. 70 വര്‍ഷത്തിലേറെയായി ഇവിടെ കഴിയുന്ന അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കും. ഒരോ അഭയാര്‍ഥി കുടുംബത്തിനും അഞ്ച് വര്‍ഷത്തേക്ക് വര്‍ഷംതോറും 10,000 രൂപ നല്‍കുമെന്നും അമിത് ഷാ വ്യക്തമാക്കി.