കൊടകര കുഴൽപ്പണ കേസ്: ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാറിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും; ഏപ്രിൽ രണ്ടിന് രാത്രിയിൽ അനീഷ്‌കുമാർ തൃശൂരിലെത്തി, പണവുമായെത്തിയ സംഘവും അനീഷ്‌കുമാറും ഒരു ടവർ ലൊക്കേഷനിൽ ഏറെ നേരം

55

കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാറിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചയാളാണ് അനീഷ് കുമാർ. പണവുമായി വന്ന ധർമരാജനും സംഘത്തിനും ഹോട്ടൽ മുറി ബുക്ക് ചെയ്ത് നൽകിയത് തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. സംഘമെത്തിയ ഏപ്രിൽ രണ്ടിന് രാത്രിയിൽ കുന്നംകുളത്തെ സ്ഥാനാർഥിയായിരുന്ന അനീഷ്‌കുമാർ തൃശൂരിൽ എത്തിയിരുന്നതായി പോലീസിന് തെളിവ് കിട്ടി. ഒരു ടവർ ലൊക്കേഷനിൽ ഏറെ സമയം ചിലവിട്ടതായും കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം പ്രതികൾ ബി.ജെ.പി ഓഫീസിൽ എത്തിയിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്.

ഓഫീസ് സെക്രട്ടറി സതീഷിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോൾ പണവുമായെത്തിയ ധർമരാജിനും സംഘത്തിനും ഹോട്ടലിൽ മുരിയെടുത്തു നൽകിയത് നേതാക്കൾ പറഞ്ഞിട്ടാണെന്ന് സമ്മതിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. കേസിൽ കഴിഞ്ഞ ദിവസങ്ങളിലായി ബി.ജെ.പി നേതാക്കളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. രാവിലെ 10ന് തൃശൂർ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ.