ഗുരുവായൂരിലെ സ്ഥാനാർഥിയുടെ പത്രിക തള്ളൽ യാദൃശ്ചികമല്ല, വോട്ട് ചോർച്ചയും: ബി.ജെ.പി ജില്ലാ ഘടകത്തിനെതിരെ നടപടിക്ക് ആർ.എസ്.എസ്

64

ഗുരുവായൂർ മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയതും പിന്തുണ നൽകിയ സ്ഥാനാർഥിക്ക് വോട്ട് കുറഞ്ഞതും യാദൃശ്ചികമല്ലെന്ന് ആർ.എസ്.എസ് വിലയിരുത്തൽ. ബി.ജെ.പി. തൃശൂർ ജില്ലാ ഘടകത്തിനെതിരേ നടപടിക്ക് ആർ.എസ്.എസ് നിർദേശം. ജില്ലയിൽ നാല് മണ്ഡലങ്ങളിലൊഴികെ വോട്ട് ചോർച്ചയുണ്ടായതും ഗൗരവകരമായി വിലയിരുത്തുന്നു. ഗ്രൂപ്പ് തിരിഞ്ഞ ചേരിപ്പോര് മാത്രമാണ് നടക്കുന്നതെന്നാണ് വിമർശനം. അവാസ്തവ കണക്ക് നൽകി കബളിപ്പിച്ചുവെന്നും സംഘം വിലയിരുത്തുന്നു.

ഗുരുവായൂരിലെ എൻ.ഡി.എ. സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയത് ഏറെ വിവാദമായിരുന്നു. അഭിഭാഷകകൂടിയായ സ്ഥാനാർഥിയുടെ പത്രിക തള്ളിയതിനുപിന്നിൽ ഒത്തുകളിയാണെന്ന ആരോപണം ഉയർന്നിരുന്നു. ഇക്കാര്യം തിരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാമെന്നായിരുന്നു പാർട്ടി നിലപാട്.

പ്രശ്നപരിഹാരത്തിന് ഗുരുവായൂരിലെ ഡി.എസ്.ജെ.പി. സ്ഥാനാർഥി ദിലീപ് നായർക്ക് പിന്തുണ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എൻ.ഡി.എ. രംഗത്തുണ്ടായിരുന്നെങ്കിലും സ്ഥാനാർഥിക്ക് കിട്ടിയത് മുൻപ് ഇവിടെ എൻ.ഡി.എ. നേടിയതിന്റെ മൂന്നിലൊന്ന് വോട്ട് മാത്രമായിരുന്നു. 19,268 വോട്ടാണ് കുറഞ്ഞത്. ഇൗ രണ്ട് കാര്യങ്ങളിലും ജില്ലാ ഘടകത്തിനോട് വിശദീകരണം തേടി നടപടി സ്വീകരിക്കാനാണ് ആർ.എസ്.എസ്. നിർദേശം.

കടുത്ത നടപടിയിലേക്ക് ആർ.എസ്.എസ് കടക്കുന്നത് കൊടകര കുഴൽപ്പണക്കവർച്ചയാണെന്നാണ് സൂചന. സംഭവത്തിൽ പാർട്ടിയുടെ ബന്ധം പോലീസ് സ്ഥിരീകരിച്ചിരുന്നു.