മൂന്നരക്കോടിയുടെ കുഴൽപ്പണക്കവർച്ച കേസ്: ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും; ഇന്നലെ ചോദ്യം ചെയ്ത നേതാക്കളുടെ മൊഴിയിൽ അവ്യക്തത

39


കൊടകരയിൽ വ്യാജവാഹനാപകടമുണ്ടാക്കി മൂന്നരക്കോടി തട്ടിയെടുത്ത സംഭവത്തിൽ അന്വേഷണം ബി.ജെ.പി സംസ്ഥാന നേതാക്കളിലേക്ക്. സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേശനെയും ഓഫീസ് സെക്രട്ടറി ഗിരീഷിനെയും ഇന്ന് ചോദ്യം ചെയ്യും. തൃശൂർ പൊലീസ് ക്ളബിലാണ് ചോദ്യം ചെയ്യലിന് ഹാജരാവാൻ നിർദ്ദേശിച്ചിരിക്കുന്നത്. ശനിയാഴ്ച ബി.ജെ.പി തൃശൂർ ജില്ല ജനറൽ സെക്രട്ടറി കെ.ആർ ഹരിയെയും മധ്യമേഖലാ സെക്രട്ടറി ജി കാശിനാഥനെയും ജില്ലാ ട്രഷറർ സുജയ് സേനനെയും പ്രത്യേക അന്വേഷകസംഘം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനായി ജില്ലാ പ്രസിഡണ്ട് കെ.കെ.അനീഷ്കുമാറിനൊപ്പം കാറിലാണ് ഹരിയും കാശിനാഥനും പൊലീസ്‌ ക്ലബിൽ എത്തിയത്‌. ഇരുവരേയും രണ്ടു മണിക്കൂറിലധികം നേരം ചോദ്യംചെയ്‌തശേഷം വിട്ടയച്ചു. സുജയ്‌സേനനെ രണ്ടുതവണ ചോദ്യം ചെയ്‌ത ശേഷമാണ്‌ വിട്ടയച്ചത്‌. സംഭവത്തിൽ ബന്ധമില്ലെന്നാണ്‌ മൂന്നുപേരും മൊഴി നൽകിയത്‌. എന്നാൽ ഇവരെ വീണ്ടും വിളിപ്പിക്കുമെന്ന് അന്വേഷണ സംഘം സൂചന നൽകി. മൂന്ന് പേരുടെയും മൊഴികൾ പോലീസ് പരിശോധിച്ചതിൽ അവ്യക്തതയുണ്ടെന്ന സൂചനയാണ് അന്വേഷക സംഘം നൽകുന്നത്. പാലക്കാട്‌, തൃശൂർ, മലപ്പുറം ജില്ലയിലെ സംഘടനാ ചുമതലയുള്ള മധ്യമേഖലാസെക്രട്ടറിയാണ്‌ കാശിനാഥൻ. ഈ ജില്ലകളിൽ ഫണ്ട് വിതരണം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക മധ്യമേഖലാ സെക്രട്ടറിയാണ്. കവർച്ചാ സംഭവത്തിന് തലേദിവസം കാശിനാഥൻ തൃശൂരിൽ ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കവർച്ച ആസൂത്രണം ചെയ്തത് തൃശൂരിലാണെന്ന സൂചനയും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ അന്വേഷകസംഘം തൃശൂരിൽ കേന്ദ്രീകരിച്ചത്‌. മൂന്നരക്കോടി രൂപ നഷ്ടപ്പെട്ടെന്ന് ആർ.എസ്.എസ് പ്രവര്‍ത്തകനായ ധര്‍മ്മരാജനും യുവമോർച്ച മുൻ ട്രഷറർ സുനില്‍ നായിക്കും പൊലീസിനോട് സമ്മതിച്ചിരുന്നു. തെരഞ്ഞെടുപ്പാവശ്യത്തിനായി കൊണ്ടുപോയ കുഴല്‍പ്പണമാണ് കൊടകരയില്‍ വച്ച് ഒരു സംഘം തട്ടിയെടുത്തത്. ബി.ജെ.പി പ്രവര്‍ത്തകരായ ധര്‍മ്മരാജനും സുനില്‍ നായിക്കും വണ്ടിയില്‍ മൂന്നരക്കോടിയുണ്ടായിരുന്നെന്ന് സമ്മതിച്ചു. തൃശൂരിലെത്തി പണം ജില്ലാ നേതാക്കൾക്ക് കൈമാറിയെന്ന് ധർമ്മരാജൻ മൊഴി നൽകിയിരുന്നു. ഇതേ കുറിച്ചുള്ള വ്യക്തതയാണ് ഹരിയിൽ നിന്നും സുജയ് സേനനിൽ നിന്നും തേടിയത്. ഈ ആഴ്ചയിൽ തന്നെ കേസിൽ നിർണ്ണായക വിവരം പുറത്തു വരുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.