ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ചവർക്ക് ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ബി.ജെ.പി

16

ഒല്ലൂർ പുത്തൂരിൽ ഇന്ന് പുലർച്ചെയുണ്ടായ ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ചവർക്ക് സർക്കാർ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് സംഭവസ്ഥലം സന്ദർശിച്ചതിന് ശേഷം ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് കെ.കെ അനീഷ്കുമാർ ആവശ്യപ്പെട്ടു. വൻമരങ്ങൾ വരെ കടപുഴക്കിയെറിഞ്ഞ ശക്തമായ ചുഴലിക്കാറ്റാണ് വീശിയത്. റബ്ബർ മരങ്ങൾ ഉൾപ്പെടെ അഞ്ഞൂറിലധികം മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. മരങ്ങൾ പൊട്ടി വീണ് 16 വീടുകളും തകർന്നിട്ടുണ്ട്. കയറിക്കിടക്കാൻ മറ്റ് സ്ഥലങ്ങളില്ലാത്ത പാവപ്പെട്ട കൃഷിക്കാരുടെ വീടാണ് തകർന്നിട്ടുള്ളത്. വീടിൻ്റെ അറ്റകുറ്റപ്പണി നടത്തി താമസയോഗ്യമാക്കാൻ ഉടനടി അടിയന്തിര ധനസഹായം സർക്കാർ നൽകണം. നഷ്ടം കണക്കാക്കാൻ ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തണമെന്നും സ്ഥലം മന്ത്രി കൂടിയായ രാജൻ സംഭവസ്ഥലം സന്ദർശിക്കണമെന്നും കെ.കെ അനീഷ്കുമാർ ആവശ്യപ്പെട്ടു. ബി.ജെ.പി ഒല്ലൂർ മണ്ഡലം പ്രസിഡൻ്റ് പ്രനീഷ്, ജനറൽ സെക്രട്ടറി പ്രമിൽ, ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് കാക്കനാടൻ, പഞ്ചായത്ത് പ്രസിഡൻറ് ജയകുമാർ, സുധീർ പള്ളിപ്പുറം, രതീഷ്, അജിത്ത് മൂത്തേരി, ചന്ദ്രേഷ്, രാജേഷ്,ജയരാജൻ മാസ്റ്റർ, ജയൻ എന്നിവരും അദ്ദേഹത്തോടൊപ്പം സംഭവസ്ഥലം സന്ദർശിച്ചു.