ബി.ജെ.പി സംസ്ഥാന നേതാവിന് തൃശൂരിൽ അടി കിട്ടിയ സംഭവത്തിൽ പോലീസ് അന്വേഷണം: ജില്ലാ നേതാക്കളിൽ നിന്നും വിവരം ശേഖരിച്ചു; വ്യക്തിപരമായ കാര്യമാണെന്ന് മറുപടി

155

കുഴൽപ്പണ കേസ് കത്തി നിൽക്കുന്നതിനിടെ ചാനൽ ചർച്ചകളിലെ സജീവ മുഖമായ ബി.ജെ.പി സംസ്ഥാന നേതാവിന് തൃശൂരിൽ അടി കിട്ടിയ സംഭവത്തിൽ പോലീസിന്റെ രഹസ്യന്വേഷണം. തൃശൂരിന്റെ സമീപ ജില്ലയിലെ നേതാവിനാണ് കഴിഞ്ഞ ദിവസം ബി.ജെ.പി പ്രവർത്തകരുടെ തന്നെ മർദനമേറ്റത്. തൃശൂർ വെസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഇയാൾ താമസിക്കുന്ന സ്ഥലത്തെത്തിയായിരുന്നു മർദ്ദനം. ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനായി നേതാവ് വാതിൽ അടക്കാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകരിലൊരാളുടെ വിരൽ കുടുങ്ങി പരിക്കേൽക്കുകയും ചെയ്തിരുന്നു. തൃശൂരിൽ ഏറെക്കാലമായി ക്യാമ്പ് ചെയ്തിരുന്ന നേതാവ് തെരഞ്ഞെടുപ്പ് കാലത്താണ് മടങ്ങിയത്. ഇയാളുടെ തൃശൂരിൽ കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിനെതിരെ പാർട്ടി നേതൃത്വത്തിന് ജില്ലാ നേതൃത്വം തന്നെ പരാതി നൽകിയിരുന്നു. നേരത്തെ കുഴൽപ്പണ വിവാദത്തിൽ വാടാനപ്പള്ളിയിൽ പ്രവർത്തകർ ചേരി തിരിഞ്ഞ് സംഘർഷത്തിലായി കത്തി കുത്തിൽ വരെ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതാവിനെ വീട്ടിൽ കയറി അടിച്ചത്. തൃശൂരിലെത്തിയ നേതാവുമായി തർക്കമുണ്ടായത്രേ. അതിനു ശേഷമാണ് മർദനമെന്ന് പറയുന്നു. ഇരു കൂട്ടർക്കും പരാതിയൊന്നുമില്ലാത്തതിനാൽ പോലീസ് കേസെടുത്തിരുന്നില്ല. എന്നാൽ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്ത വരികയും സജീവ ചർച്ചയാവുകയും ചെയ്ത സാഹചര്യത്തിലാണ് പോലീസിന്റെ രഹസ്യന്വേഷണം. ഇന്നലെ ജില്ലാ നേതാക്കളെ ഉൾപ്പെടെ വിഷയവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. പാർട്ടി കാര്യമല്ലെന്നും വ്യക്തിപരമായ കാര്യമാണ് വിഷയത്തിന് കാരണമെന്നുമാണ് നേതാക്കൾ പറഞ്ഞതത്രേ. അതിനിടെ അടി കിട്ടിയ വിവരം സമൂഹ മാധ്യമത്തിൽ എതിർ രാഷ്ട്രീയക്കാരും പാർട്ടിയിലെ വിമതരും ഏറ്റു പിടിച്ചതോടെ അടിയുടെ കാരണത്തെ കുറിച്ചുള്ളതായി ചർച്ച. മുൻപ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പടങ്ങളും പുറത്ത് പ്രചരിപ്പിച്ചതോടെ വലിയ പരിക്കേറ്റെന്ന പ്രചാരണവും ഉയർന്നു. പരിക്കൊന്നുമില്ലെന്നും പ്രചരിക്കുന്നത് തെറ്റാണെന്ന് അറിയിക്കാൻ ചാനൽ ചർച്ചയിലും നേതാവ് പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങളും പങ്കു വെച്ച് പ്രവർത്തകർ പ്രചാരണ രംഗത്തുണ്ട്.