കുഴൽപ്പണ കേസ് വിവാദത്തിനിടെ ബി.ജെ.പി സംസ്ഥാന നേതാവിന് തൃശൂരിൽ പ്രവർത്തകരുടെ മർദനം

619

കുഴൽപ്പണ കേസ് വിവാദം കത്തി നിൽക്കുന്നതിനിടെ ബി.ജെ.പി സംസ്ഥാന നേതാവിന് തൃശൂരിൽ മർദനം. ചാനൽ ചർച്ചകളിലെ സജീവ നേതാവായ സമീപ ജില്ലയിലെ നേതാവിനാണ് ബി.ജെ.പി പ്രവർത്തകരുടെ തന്നെ മർദനമേറ്റത്. ഇയാൾ താമസിക്കുന്ന സ്ഥലത്തെത്തിയായിരുന്നു മർദ്ദനം. ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനായി നേതാവ് വാതിൽ അടക്കാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകരിലൊരാളുടെ വിരൽ കുടുങ്ങി പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇയാളുടെ തൃശൂരിൽ കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിനെതിരെ പാർട്ടി നേതൃത്വത്തിന് ജില്ലാ നേതൃത്വം തന്നെ പരാതി നൽകിയിരുന്നു. നേരത്തെ കുഴൽപ്പണ വിവാദത്തിൽ വാടാനപ്പള്ളിയിൽ പ്രവർത്തകർ ചേരി തിരിഞ്ഞ് സംഘർഷത്തിലായി കത്തി കുത്തിൽ വരെ എത്തിയിരുന്നു. നേതൃത്വത്തിനെതിരെ ജില്ലയിലെ പ്രവർത്തകർ കടുത്ത രോഷത്തിലാണ്. തൃശൂരിലെത്തിയ നേതാവുമായി തർക്കമുണ്ടായത്രേ. അതിനു ശേഷമാണ് മർദനമെന്ന് പറയുന്നു. ഇരു കൂട്ടർക്കും പരാതിയൊന്നുമില്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.