സംസ്ഥാന താൽപര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് വ്യക്തമാക്കി സ്റ്റാലിൻ: തമിഴ്നാട്ടിൽ ഇനി കേന്ദ്ര സർക്കാർ പ്രയോഗമില്ല, പകരം യൂണിയൻ സർക്കാർ

26

കേന്ദ്ര സർക്കാർ എന്ന അർഥമുള്ള മത്തിയരശ് എന്ന പ്രയോഗം മാറ്റി താഴ്മിഴ്നാട് സർക്കാർ. സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവനകളിലും രേഖകളിലും മത്തിയരശ് എന്നതിനു പകരം യൂണിയൻ സർക്കാർ എന്ന അർഥമുള്ള ഒൻട്രിയരശ് എന്ന പ്രയോഗം ഉപയോഗിച്ചു തുടങ്ങി.

ഫെഡറൽ അധികാരഘടന പിന്തുടരുന്ന രാജ്യത്ത് കേന്ദ്രസർക്കാരിന് സംസ്ഥാന സർക്കാരുകൾക്കു മേൽ അമിത അധികാരമില്ലെന്നാണ് ഡി.എം.കെ.യുടെ നിലപാട്. അണ്ണാദുരൈയുടെയും കരുണാനിധിയുടെയും കാലംമുതൽ പിന്തുടരുന്ന നയമാണിത്. ഇവരുടെകാലത്തും കേന്ദ്ര സർക്കാരിനെ ഒൻട്രിയരശ് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാൽ, എ.ഐ.എ.ഡി.എം.കെ. അധികാരത്തിലിരുന്ന കഴിഞ്ഞ 10 വർഷവും മത്തിയരശ് എന്ന പദമാണ് ഉപയോഗിച്ചത്.

ഹിന്ദിവിരുദ്ധ സമരത്തിലൂടെ തമിഴ്‌നാട്ടിൽ വേരുറപ്പിച്ച ഡി.എം.കെ. സ്കൂൾ പാഠ്യപദ്ധതിയിൽ ഹിന്ദി നിർബന്ധമാക്കാനുള്ള എൻ.ഡി.എ. സർക്കാർ നീക്കങ്ങൾക്ക് എതിരേയും ശക്തമായ നിലപാടെടുത്തിരുന്നു. തമിഴ് ദേശീയ ഭരണഭാഷയാക്കണമെന്ന ആവശ്യവുമായി സ്റ്റാലിൻ ഇപ്പോൾ രംഗത്തു വന്നിരിക്കുകയാണ്. ലോകത്തെതന്നെ ഏറ്റവും പഴയഭാഷകളിൽ ഒന്നായ തമിഴ് കേന്ദ്രസർക്കാർ ഭരണഭാഷയായി പരിഗണിക്കണമെന്നാണ് ആവശ്യം. ഈ ആവശ്യം നേടിയെടുക്കാൻ കഴിവിന്റെ പരമാവധി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.