വര്‍ഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ക്ക് നില്‍ക്കാന്‍ പറ്റാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി: കിഫ്‌ബിക്കെതിരെയുള്ള ആരോപണം കേന്ദ്രത്തിന്റെ മറുപടിയോടെ പൊളിഞ്ഞില്ലേയെന്നും പിണറായി

5

വര്‍ഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ക്ക് നില്‍ക്കാന്‍ പറ്റാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നീ ആശയങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് വ്യതിചലിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് വിട്ട നേതാക്കള്‍ തന്നെ പറയുന്നത്. ഇത്തരം ആശയങ്ങളെല്ലാം കോണ്‍ഗ്രസിന് പുറത്തായിക്കഴിഞ്ഞു. ഒന്നുകില്‍ വര്‍ഗീയ പ്രീണന നയങ്ങളുമായി സന്ധിചെയ്ത് കോണ്‍ഗ്രസില്‍ തുടരുക, അല്ലെങ്കില്‍ ബിജെപിക്ക് സ്വയം വില്‍ക്കുക അതാണ് കോണ്‍ഗ്രസിലെ സമീപകാലത്തെ പൊതുരീതിയെന്നും പിണറായി വിജയന്‍ തിരുവല്ലയില്‍ പറഞ്ഞു. 

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുടെ വിട്ടുപോക്ക് തുടരുകയാണ്. ബിജെപിയിലേക്ക് മാത്രമല്ല പാര്‍ട്ടി വിട്ടവര്‍ ചേക്കേറുന്നത്. വര്‍ഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ക്ക് നില്‍ക്കാന്‍ പറ്റാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു. 

കോണ്‍ഗ്രസ് വിട്ടുകൊണ്ട് പിഎം സുരേഷ് ബാബു പറഞ്ഞ കാര്യങ്ങള്‍ അതീവ ഗൗരവമുള്ളതാണ്. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നീ ആശയങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് വ്യതിചലിക്കുന്നുവെന്നാണ് ഈ നേതാക്കള്‍ തന്നെ പറയുന്നത്. ഇത്തരം ആശയങ്ങളെല്ലാം കോണ്‍ഗ്രസിന് പുറത്തായിക്കഴിഞ്ഞു. ഒന്നുകില്‍ വര്‍ഗീയ പ്രീണന നയങ്ങളുമായി സന്ധിചെയ്ത് കോണ്‍ഗ്രസില്‍ തുടരുക, അല്ലെങ്കില്‍ ബിജെപിക്ക് സ്വയം വില്‍ക്കുക അതാണ് കോണ്‍ഗ്രസിലെ സമീപകാലത്തെ പൊതുരീതി.

ഇതില്‍ നിന്നും വിഭിന്നമായി കോണ്‍ഗ്രസ് വിട്ട നേതാക്കള്‍ മതനിരപേക്ഷ ചേരിയിലേക്ക് എത്തുന്നുവെന്നത് സ്വാഗതാര്‍ഹമായ കാര്യമാണ്. വരാന്‍ പറ്റാത്ത സ്ഥലമാണ് ഇടതുപക്ഷമെന്ന തെറ്റിദ്ധാരണ ഉണ്ട്. എന്നാല്‍ ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷതയും കാത്തുസൂക്ഷിക്കുന്നവര്‍ക്ക് ഇടതുപക്ഷം അസ്വീകാര്യമാവേണ്ട കാര്യമില്ല. 

കേരളത്തില്‍ കോണ്‍ഗ്രസും യുഡിഎഫും ബിജെപിയും ചില കേന്ദ്രഏജന്‍സികളും ചേര്‍ന്ന് ഉണ്ടാക്കാന്‍ നോക്കിയ മസാലബോണ്ട് വിഷയത്തിന് പാര്‍ലമെന്റില്‍ കേന്ദ്രം തന്നെ മറുപടി പറഞ്ഞിരിക്കുന്നു. റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ക്കനുസരിച്ചാണ് മസാല ബോണ്ട് കിഫ്ബി എടുത്തതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. യുഡിഎഫിലെ മൂന്ന് എംപിമാര്‍ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ഈ വിശദീകരണം ബിജെപി സര്‍ക്കാര്‍ തന്നെ നല്‍കിയത്. 

കിഫ്ബിക്കെതിരെയോ സര്‍ക്കാരിനെതിരെയോ ഉള്ള നീക്കത്തിനപ്പുറമാണ് ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന യുഡിഎഫിന്റേയും ബിജെപിയുടേയുമെല്ലാം ലക്ഷ്യം. അത് നാട്ടില്‍ വികസനം നടക്കരുത് എന്നതാണ്. വരുമാനത്തേക്കാള്‍ കൂടുതല്‍ ബാധ്യത വരാനിടയില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ടാണ് കിഫ്ബി പദ്ധതി അനുവദിക്കുന്നത്.

കൃത്യമായ സാമ്പത്തിക അച്ചടക്കത്തോടെയാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നത്. 43250 കോടി രൂപയുടെ 889 പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിക്കഴിഞ്ഞു. കിഫ്ബിക്കെതിരെയുള്ള ആക്രമണം നാടിന്റെ വികസനം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.