മുഖ്യമന്ത്രി ആശുപത്രി വിട്ടു: മെഡിക്കൽ കോളേജ് ജീവനക്കാർക്കും ജനങ്ങൾക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രിയുടെ കുറിപ്പ്; ചട്ട ലംഘനമെന്ന് ആക്ഷേപം

43

കോവിഡ് മുക്തനായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു. കണ്ണൂരിലെ വീട്ടില്‍ ഒരാഴ്ചത്തെ ക്വാറന്റീനുശേഷം അദ്ദേഹം പൊതുരംഗത്ത് സജീവമാകും. മുഖ്യമന്ത്രിയ്ക്ക് മറ്റു ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതർ വ്യക്തമാക്കി. മെഡിക്കൽ കോളേജിൽ മികച്ച പരിചരണമാണ് ലഭിച്ചതെന്നും ജനങ്ങളിൽ നിന്നും നല്ല മാനസീക പിന്തുണ ലഭിച്ചുവെന്നും എല്ലാവർക്കും നന്ദി മുഖ്യമന്ത്രി സമൂഹ മാധ്യമത്തിൽ പങ്കു വെച്ചു.

ഏപ്രില്‍ എട്ടിന് വൈകീട്ടാണ് മുഖ്യമന്ത്രിയെ നിരീക്ഷണത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

തിരഞ്ഞെടുപ്പ് ദിനത്തിലാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കം ഭര്‍ത്താവ് മുഹമ്മദ് റിയാസിനും രോഗം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്കും രോഗം സ്ഥിരീകരിച്ചത്. അതേ സമയം മുഖ്യമന്ത്രിയുടെ കോവിഡ് പരിശോധനയും വിടുതലും വിവാദത്തിലായി. പരിശോധനയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്ന് കോൺഗ്രസ്‌ ആരോപിച്ചു. സാധാരണയായി 10 ദിവസം കഴിഞ്ഞു വേണം പരിശോധനയെന്നിരിക്കെ ഏഴാം ദിവസത്തിൽ പരിശോധന നടത്തി വിടുതൽ ചെയ്യുന്നത് ചട്ടലംഘനമാണെന്ന് കുറ്റപ്പെടുത്തുന്നു.