സമരക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണ്: മുഖ്യമന്ത്രി

7

ഡിസംബര്‍ വരെയുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും റിക്രൂട്ട്‌മെന്റ് നടക്കുകയും ചെയ്തിട്ടും അത് ബോധ്യപ്പെടാതെ സമരം ചെയ്യുകയാണ് ചിലരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി ഇന്നലെ നടത്തിയ വിശദീകരണങ്ങള്‍ക്കു ശേഷവും സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടരുന്നത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പോലീസ് നിയമന പട്ടികയില്‍ 2021 ഡിസംബര്‍ വരെയുള്ള ഒഴിവുകള്‍ കണക്കാക്കി റിപ്പോര്‍ട്ട് ചെയ്യുകയും നിയമനം നടത്തുകയും ചെയ്തതായി ഇന്നലെ വ്യക്തമാക്കിയിരുന്നു. ലിസ്റ്റ് റദ്ദായതില്‍ ഒരു ഖേദവും ആര്‍ക്കും വേണ്ട. ഡിസംബര്‍ വരെയുള്ള ആളുകളെ റിക്രൂട്ട് ചെയ്തുകഴിഞ്ഞു. അവര്‍ക്കുള്ള പരിശീലനവും ആരംഭിച്ചു. എന്നിട്ടും തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമരം ചെയ്യുന്നവര്‍ ശവവുമായായാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ ഇന്നലെ സമരം ചെയ്തത്. എന്തു പറഞ്ഞാലും, ചെയ്താലും തങ്ങള്‍ക്കതൊന്നും ബാധകമല്ല എന്നു ചിന്തിക്കുന്ന ഏതാനും പേരും അതിനുള്ള പ്രോത്സാഹനം നല്‍കുന്ന ചിലരും നമ്മുടെ നാട്ടിലുണ്ട്. അവര്‍ കാര്യങ്ങള്‍ ബോധ്യപ്പെടുകയാണ് ആദ്യം വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു