അയ്യപ്പൻ ദേവഗണങ്ങൾ പരാമർശം: മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസിന്റെ പരാതി

15

വോട്ടെടുപ്പ് ദിവസം മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കണ്ണൂര്‍ ഡി.സി.സി. അധ്യക്ഷന്‍ സതീശന്‍ പാച്ചേനിയാണ് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് പരാതി നല്‍കിയത്.

വോട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി പറഞ്ഞ അയ്യപ്പനും ഈ നാട്ടിലെ ദേവഗണങ്ങളും സര്‍ക്കാരിന് ഒപ്പമാണെന്ന പരാമര്‍ശം ചട്ടലംഘനമാണെന്നാണ് പരാതിയില്‍ പറയുന്നത്. ജാതി-മത വികാരങ്ങളെ ഇളക്കിവിടുന്ന തരത്തിലുള്ള പരാമര്‍ശമാണ് മുഖ്യമന്ത്രി നടത്തിയത്, അത് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണ് എന്ന് പരാതിയില്‍ പറയുന്നു.

പെരുമാറ്റചട്ടത്തിന്റെ ഒന്നാം ഭാഗത്തിലെ മൂന്നാം ഖണ്ഡിക പ്രകാരം ഈ പരാമര്‍ശം ഗുരുതര ചട്ടലംഘനമാണ്. അതിനെതിരെ നടപടി വേണമെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.