കാട്ടാന ആക്രമണം: ഹൈക്കോടതി വിധിയെ വനം വകുപ്പ് വെല്ലുവിളിക്കുന്നുവെന്ന് കോൺഗ്രസ്; വീണ്ടും കോടതിയെ സമീപിക്കുമെന്ന് ജോസഫ് ടാജറ്റ്

21

ജില്ലയിലെ മലയോര മേഖലയിലെ ജനങ്ങളെ ഏറെ ഭിതിയിലാക്കിയ കാട്ടന ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ ഹൈക്കോടതി ഉത്തരവിറക്കിയിട്ടും വിധി നടപ്പിലാക്കുന്ന കാര്യത്തിലെ വനം വകുപ്പിന്റെ മെല്ലെപ്പോക്ക് പ്രതിഷേധാർഹമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ കക്ഷി നേതാവും ഡി.സി.സി വൈസ് പ്രസിഡണ്ടുമായ അഡ്വ ജോസഫ് ടാജറ്റ്. വന്യ ജീവിയാക്രമണത്തിനെതിരെ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതയിൽ നൽകിയ (WP(C)23891/2022) ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്‌ മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവർ  ഉൾപ്പെട്ട ബെഞ്ച് 19/9 ന് ഉത്തരവിട്ടത്. ഈ വിധിയുടെ അടിസ്ഥാനത്തിൽ തൃശൂർ, ചാലക്കുടി, പീച്ചി വൈൽഡ് ലൈഫ് എന്നീ ഡിവിഷനു കീഴിലെ റേഞ്ചുകളിൽ പതിവ് രീതിയിലുള്ള സോളാർ ഫെൻസിങ് മാത്രമാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. വന്യ മൃഗങ്ങളുടെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് മണ്ണ് ഈർപ്പം സംരക്ഷണം, ചെക്ക് ഡാമുകളുടെ അറ്റകുറ്റ പണികളും നിർമ്മാണവും , വെള്ളം സംഭരിക്കുന്നതിനുള്ള തണ്ണീർ തടങ്ങൾ, തദ്ദേശീയ സസ്യജാലങ്ങൾ വെച്ചുപിടിപ്പിക്കൽ, മുന്നറിയിപ്പ് സംവിധാനം , റാപ്പിഡ് റെസ്പോൺസ് ടീമിനെ നിയോഗിക്കൽ തുടങ്ങി വിധിയിൽ പറയുന്ന ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല എന്നത് വളരെ ഗൗരവമേറിയതാണ്. സാധ്യമായിടത്ത് പോലും ഏറെ ഗുണപ്രദമായ എലിഫന്റ്  ട്രെഞ്ചിനു വേണ്ട നടപടി സ്വീകരിച്ചിട്ടില്ല . സോളാർ ഫെൻസിങ് കൊണ്ട് മാത്രം വന്യജീവി മനുഷ്യ സംഘർഷം ഇല്ലാതാക്കാൻ സാധിക്കില്ലായെന്ന്  ഹൈക്കോടതിയിൽ സമ്മതിച്ച വനം വകുപ്പ് അവർ തന്നെ നിർദ്ദേശിച്ച മാറ്റു മാർഗ്ഗങ്ങൾ ചെയ്യാൻ മുതിരാത്തത് ഹൈക്കോടതി വിധിയോടുള്ള അനാദരവാണ്. ഫെൻസിങ് പോലുള്ള ശ്വാശതമല്ലാത്ത നടപടിയിലൂടെ വിധി നടപ്പിലാക്കിയെന്ന്  വരുത്തിത്തീർക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. കാട്ടാനക്രമണത്തിൽ ഏഴോളം മരണങ്ങളും വലിയ വിളനാശവും സംഭവിച്ച ജില്ലയിലെ മലയോര മേഖലകളിലെ ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാൻ കോടതി വിധി പൂർണ്ണമായും നടപ്പിലാക്കാൻ വനം വകുപ്പ് തയ്യാറാകണമെന്നും അല്ലാത്ത പക്ഷം കോടതിയലക്ഷ്യ ഹർജി കൊടുക്കേണ്ടിവരുമെന്നും അഡ്വ ജോസഫ് ടാജറ്റ് പറഞ്ഞു.

Advertisement
Advertisement