കോൺഗ്രസ് പ്രവർത്തകർ കൊച്ചി കോർപറേഷന് മുന്നിൽ നടത്തിയ സമരത്തിനിടെ കോർപറേഷൻ ജീവനക്കാർക്ക് മർദ്ദനം. കോർപറേഷൻ സെക്രട്ടറിയടക്കം നാല് ജീവനക്കാരെ കോൺഗ്രസ് പ്രവർത്തകർ വളഞ്ഞിട്ട് തല്ലി. സുഭാഷ് പാർക്കിനകത്ത് വെച്ചാണ് മർദ്ദിച്ചത്. ഓഫീസിൽ ആരെയും കയറ്റി വിടാതെയുള്ള സമരം നടക്കില്ലെന്ന് പൊലീസ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഉച്ചയോടെ ഓഫീസിൽ പ്രവേശിക്കാൻ കോർപറേഷൻ സെക്രട്ടറിയും മറ്റും ശ്രമിച്ചപ്പോഴായിരുന്നു മർദ്ദനമേറ്റത്. കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ബാബു അബ്ദുൾ ഖാദറിനെ അസഭ്യം വിളിച്ചു കൊണ്ട് വളഞ്ഞ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചു. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഓവർസിയർ സുരേഷിനും ഹെൽത്ത് സെക്ഷനിലെ ജീവനക്കാരൻ വിജയകുമാറിനും മർദ്ദനമേറ്റു. രാവിലെ ജോലിക്കെത്തിയ ജീവനക്കാരനെ അസഭ്യം വിളിച്ചും മർദ്ദിച്ച് ഓടിച്ച ശേഷം ഉച്ചയോടെയാണ് മറ്റ് മൂന്ന് ജീവനക്കാർക്ക് മർദ്ദനമേറ്റത്. ബ്രഹ്മപുരം തീപിടിത്ത വിഷയവുമായി ബന്ധപ്പെട്ട് സോൺട കരാറിൽ അന്വേഷണം ആവശ്യപ്പെട്ടും, ഇന്നലെ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് കൗൺസിലർമാരെ തടഞ്ഞ് പൊലീസ് തല്ലിച്ചതച്ചിലും പ്രതിഷേധിച്ചാണ് ഇന്ന് സമരം പ്രഖ്യാപിച്ചത്. കോർപറേഷൻ ഓഫീസിന് മുന്നിൽ ഇന്ന് രാവിലെ ആറ് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് സമരം പ്രഖ്യാപിച്ചത്. പൂർണമായും നഗരസഭാ ഓഫീസ് പ്രവർത്തനം തടസപ്പെടുത്താനുള്ള ശ്രമം പൊലീസ് തടഞ്ഞിരുന്നു. പൊലീസ് സംരക്ഷണത്തിൽ നാല് ജീവനക്കാ രാവിലെ ഓഫീസിൽ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെ ജോലിക്കെത്തിയ ജീവനക്കാരനെ കോൺഗ്രസ് പ്രവർത്തകർ അസഭ്യം വിളിച്ചു. ഭയന്ന് തിരികെ പോകാൻ ബസ് സ്റ്റോപിലേക്ക് പോയ ജീവനക്കാരനെ പിന്നാലെ പാഞ്ഞെത്തിയ കോൺഗ്രസ് പ്രവർത്തകൻ ചാടി ചവിട്ടി. ഇയാൾക്ക് പിന്നാലെ പിന്നെയും ആക്രോശിച്ച് പോയ പ്രവർത്തകർ, ജീവനക്കാരൻ കയറിയ ബസിലേക്ക് വെള്ളക്കുപ്പി വലിച്ചെറിയുകയും ചെയ്തു.
ഉപരോധം സമരത്തിന്റെ പേരിൽ കൊച്ചി കോർപറേഷൻ ജീവനക്കാരെ തല്ലിച്ചതച്ച് കോൺഗ്രസ് പ്രവർത്തകർ
Advertisement
Advertisement