കോർപറേഷനിൽ പുരാവസ്തു സംരക്ഷിത പട്ടികയിലുള്ള കെട്ടിടം പൊളിച്ചു; ഗുരുതര നിയമലംഘനമെന്നും കമ്മീഷനടിക്കാനെന്നും ജോൺ ഡാനിയേൽ

54

കോർപ്പറേഷൻ ഓഫീസ് പരിസരത്തെ ആറാം സർക്കിൾ ഹെൽത്ത് ഓഫീസ് സ്ഥിതി ചെയ്‌തിരുന്ന കെട്ടിടം പൊളിച്ചു. വേണ്ടത്ര പഠനം നടത്താതെയാണ് പൊളിക്കുന്നതെന്ന് പ്രതിപക്ഷം ആക്ഷേപമുയർത്തി. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കെട്ടിടത്തിന് മുന്നിലൂടെ പോവുകയായിരുന്ന ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥർ കാർപാർക്കിംഗ് ഏരിയയിലെ സിമന്റ് പാളി അടർന്നു വീണു കിടക്കുന്നത് കണ്ട് ഇത് റിപ്പോർട്ട് ചെയ്യുകയുണ്ടായി. എന്നാൽ ഇത് കേട്ട് ഉടൻ തന്നെ കഴിഞ്ഞ ഇടതു ഭരണ സമിതി കെട്ടിടം പൊളിക്കാൻ ഉള്ള നീക്കങ്ങൾ ആരംഭിച്ചു. കോർപ്പറേഷൻ ഭരണസമിതിയുടെ പല ക്രമക്കേടുകളെ കുറിച്ചും ഓഡിറ്റിൽ പരാമർശങ്ങൾ ഉണ്ടാകുമ്പോൾ പ്രസ്തുത പരാമർശങ്ങൾ നീക്കി കിട്ടാൻ കത്തിടപാടുകൾ നടത്തുന്ന കോർപ്പറേഷൻ ഭരണാധികാരികൾ ഈ ആവശ്യം കേട്ടയുടൻ മറുത്തൊന്നും പറയാതെ കെട്ടിടം പൊളിക്കാൻ ഉള്ള നടപടികൾ തുടങ്ങുകയായിരുന്നു. കോപ്പറേഷൻ കോമ്പൗണ്ടിനകത്ത് പഴയ മുൻസിപ്പാലിറ്റി രൂപീകൃതമായപ്പോൾ ഉള്ളതും ഇപ്പോൾ പൊളിക്കുന്ന കെട്ടിടത്തിലെ തൊട്ടുള്ളതുമായ പുരാവസ്തുവകുപ്പിന്റെ സംരക്ഷിത പട്ടികയിൽ പെടുന്നതുമായ കെട്ടിടത്തിന് നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിലാണ് ഇപ്പോൾ ബലക്ഷയം ഇല്ലാത്ത കെട്ടിടം പൊളിക്കുന്നത്. ഉറപ്പുള്ള ഇപ്പോഴത്തെ കെട്ടിടം പൊളിക്കുമ്പോൾ താരതമ്യേന ദുർബലാവസ്ഥയിൽ ഉള്ള തൊട്ടടുത്ത പഴയ കെട്ടിടത്തിന്റെ ബലത്തെ ബാധിക്കുമെന്ന സാമാന്യ ബോധം കണക്കിലെടുക്കാതെയാണ് ഇപ്പോൾ കെട്ടിടം പൊളിക്കുന്നത്. കെട്ടിടങ്ങൾ ബലപ്പെടുത്താൻ ശാസ്ത്രീയ മാര്ഗങ്ങൾ ഉണ്ടെന്നിരിക്കെ ഇതൊന്നും നോക്കാതെയാണ് ധൃതി പിടിച്ചുള്ള പൊളിക്കൽ മാമാങ്കം നടത്തുന്നത്. കെട്ടിടത്തിലെ ഒരു ഭാഗം പോലും ഇപ്പോഴും ഇടിഞ്ഞു വീണിട്ടില്ല. ഉറപ്പുള്ള അടിത്തറയാണ് കെട്ടിടത്തിന് ഉള്ളതെന്ന് കോർപ്പറേഷനിലെ ബിൽഡിംഗ് ഉദ്യോഗസ്ഥർ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. കോർപ്പറേഷൻ ഓഫീസ് പരിസരത്ത് ഇരുവശത്തുമായി രണ്ട് കെട്ടിടങ്ങൾ ഉണ്ട്. ഇതിൽ ഒരു ദുർഘടാവസ്ഥയും ഇല്ലാത്ത ഇടതുവശത്തെ കെട്ടിടമാണ് ഇപ്പോഴത്തെ ഇടത് ഭരണസമിതി പൊളിക്കുന്നത്.

ഏതുവിധേനയും കെട്ടിടം പൊളിക്കുക എന്ന അജണ്ട മാത്രമാണ് ഇപ്പോഴത്തെ പൊളിക്കലിൽ ഉള്ളതെന്ന് നഗരാസൂത്രണകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ പറഞ്ഞു. കോർപ്പറേഷൻ ഓഫീസ് കോമ്പൗണ്ടിനുള്ളിൽ ഇപ്പോൾ പൊളിച്ചു കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ബലത്തെ സംബന്ധിച്ച് “ടെസ്റ്റ്” പോലും നടത്താതെയാണ് കെട്ടിടം പൊളിക്കാൻ കഴിഞ്ഞ ഭരണസമിതി തീരുമാനിച്ചത്. ഇതിനായി കോർപ്പറേഷനിലെ ഉദ്യോഗസ്ഥരെക്കൊണ്ട് കെട്ടിടം പൊളിക്കാൻ റിപ്പോർട്ട് ഉണ്ടാക്കുകയാണ് ചെയ്തത്. എന്നാൽ എന്താണ് കെട്ടിടത്തിന്റെ കേടുപാടെന്ന് പരിശോധിച്ചിട്ടില്ല. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച ശാസ്ത്രീയ പഠനം നടത്താതെയാണ് ഒരു റിപ്പോർട്ട് ഉണ്ടാക്കി ഇപ്പോൾ കൊവിഡിന്റെ മറവിൽ കെട്ടിടം പൊളിക്കുന്നത്. പുതിയ കെട്ടിടം പണിയുമ്പോൾ കരാറുകാരിൽ നിന്നും ലഭിക്കുന്ന കമ്മീഷൻ പണത്തിൽ മാത്രമാണ് ഭരണാധികാരികളുടെ കണ്ണ്. കഴിഞ്ഞ ഭരണസമിതിയുടെ പൊളിക്കൽ തീരുമാനം, ഇപ്പോഴത്തെ ഇടത് ഭരണസമിതിയും മേയറും പ്രത്യേകം താൽപ്പര്യം എടുത്താണ് നടപ്പാക്കിയത്. കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് ഇപ്പോഴത്തെ നഗരാസൂത്രണകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റിയെ അറിയിക്കാതെ ഇരുന്നതിൽ ദുരൂഹതയുണ്ട്. ശക്തൻ സ്റ്റാൻഡ് പരിസരത്ത് പുതിയ കോർപ്പറേഷൻ ഓഫീസ് കെട്ടിടം പണിയാനുളള പ്രോജക്ടിന് കൗൺസിൽ അംഗീകാരമുള്ളപ്പോൾ ഇപ്പോഴത്തെ കോർപ്പറേഷൻ ഓഫീസിനകത്തെ പുതിയ കെട്ടിടത്തിന്റെ പ്രസക്തി എന്താണെന്ന് മേയർ വ്യക്തമാക്കണമെന്നും ജോൺ ആവശ്യപ്പെട്ടു.