കുന്നംകുളം പോലീസ് സ്റ്റേഷനിലെത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് എസ്.ഐയുടെ മർദനം

139

കുന്നംകുളം പോലീസ് സ്റ്റേഷനിലെത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് എസ്.ഐയുടെ മർദനം. പോർക്കുളം പഞ്ചായത്തിലെ വെട്ടിക്കടവ് ബ്രാഞ്ച് സെക്രട്ടറി കുറുമ്പൂർ ഷാജു (47) വിനാണ് മർദ്ദനമേറ്റത്. വെട്ടിക്കടവ്  ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ബൈക്കിൽ സഞ്ചരിക്കുമ്പോൾ കിഴൂരിൽ പോലീസ് കൈകാട്ടിയിട്ടും നിറുത്താതെ പോയത് സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ എത്തിയതായിരുന്നു ഷാജു. ബൈക്ക് സ്റ്റേഷനിൽ ഹാജരാക്കണമെന്ന് നിർദ്ദേശിച്ചതോടെ ബൈക്ക് ഓടിച്ച യുവാവുമൊത്ത് ബൈക്കായി സ്റ്റേഷനിൽ എത്തിയതായിരുന്നു. യുവാവിൽ നിന്ന് ലൈസൻസ് വാങ്ങിയ ശേഷം ബൈക്ക് സ്റ്റേഷനിൽ വെച്ചു പോകാനും മൂന്ന് മാസം കഴിഞ്ഞിട്ട് വന്നാൽ മതിയെന്നുമായിരുന്നു എസ്.ഐയുടെ നിലപാട്. പിഴ അടച്ച് വാഹനം വിട്ടു തരണമെന്ന് ഷാജു ആവശ്യപ്പെട്ടു. താൻ ബ്രാഞ്ച് സെക്രട്ടറിയാണെന്ന് പരിചയപ്പെടുത്തിയതോടെ രോഷാകുലനായി എസ്.ഐ ഷാജുവിന്റെ മുഖത്തടിക്കുകയായിരുന്നു. സ്റ്റേഷനിൽ പ്രതികളോടെന്ന പോലെ പിടിച്ചു നിറുത്തുകയും ചെയ്തു. പിന്നീട് വിവരമറിഞ്ഞ്  വൈകീട്ടോടെ പോർക്കുളം പഞ്ചായത്ത് പ്രസിഡണ്ടും മറ്റു സി.പി.എം നേതാക്കളുമെത്തി. നേതാക്കളുടെ ഇടപെടലിനെ തുടർന്ന് അസി പോലീസ് കമ്മീഷണർ എസ്.ഐയെ വിളിച്ചു വരുത്തി ക്ഷമ പറയിപ്പിച്ച് പ്രശ്നം അവസാനിപ്പിക്കുകയായിരുന്നുവത്രെ.  എസ്.ഐ യെ സ്ഥലം മാറ്റാമെന്ന ഉറപ്പിലാണ് പ്രശ്നം പരിഹരിപ്പിച്ചതെന്നും പറയുന്നു. അതേ സമയം സ്റ്റേഷനിൽ പാർട്ടി ബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുണ്ടായ അനുഭവത്തിൽ കടുത്ത അതൃപ്തിയിലാണ് നേതാക്കളും പ്രവർത്തകരും. പോലീസിനെതിരെ വ്യാപക പരാതി ഉയരുന്നതിനിടെ നേരിട്ട് അനുഭവമുണ്ടാകുന്നതിന്റെ വിഷമത്തിലുമാണ് നേതാക്കളും പ്രവർത്തകരും. ഇതിനിടെ സംഭവം ഒതുക്കി തീർക്കാൻ സി.പി.എമ്മിലെ ചിലർ ശ്രമിച്ചതായും ആക്ഷേപമുണ്ട്.

Advertisement
Advertisement