ഗെയിൽ പൈപ്പ് ലൈൻ കുഴിയിൽ വീണ് സി.പി.എം നേതാവ് മരിച്ച കേസ്: ഏഴ് മാസത്തിനു ശേഷം കുറ്റപ്പത്രം സമർപ്പിച്ചു: അപകടമുണ്ടാക്കുന്ന വിധത്തിൽ അശാസ്ത്രീയമായി കുഴിയെടുത്തുവെന്ന് പോലീസ് കുറ്റപ്പത്രത്തിൽ

22

കേച്ചേരി പാറന്നൂരിൽ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് സി.പി.എം കേച്ചേരി ലോക്കൽ സെക്രട്ടറി സി.എഫ്. ജെയിംസ് മരിച്ച സംഭവത്തിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സിറ്റി ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിയുടെ എൻജിനീയർ എറണാകുളം മാമല കക്കാട്ടുകര അനീഷ്ഭവനിൽ അനീഷ്‌കുമാറി (39) നെയാണ് കേസിൽ പ്രതിയാക്കിയിട്ടുള്ളത്. ഇയാളുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

Advertisement

2021 ഏപ്രിൽ 15ന് വൈകീട്ട് ഏഴരയോടെയാണ് മഴുവഞ്ചേരി ചിറയത്ത് വീട്ടിൽ ജെയിംസ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ പൈപ്പ്‌ലൈനിനുവേണ്ടി കുഴിച്ച കുഴിയിൽ വീണത്. അപകടത്തിൽ ജെയിംസിന്റെ തലയോട്ടിയും കവിളെല്ലും പൊട്ടിയിരുന്നു. നട്ടെല്ലിനും ക്ഷതം സംഭവിച്ചു. ചികിത്സയിലിരിക്കെ മേയ് ഒന്നിനാണ് ജെയിംസ് മരിച്ചത്.

തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. റോഡിൽ കുഴിയെടുക്കുമ്പോൾ ആവശ്യമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല. യാത്രക്കാർക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ അശ്രദ്ധമായാണ് ഇത് കൈകാര്യം ചെയ്തതെന്ന് പോലീസ് റിപ്പോർട്ടിലുണ്ട്. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് അദാനി ഗ്രൂപ്പിൽ നിന്ന് കരാറെടുത്ത മുഖ്യ കരാറുകാരനെ കേസിൽ പ്രതിയാക്കിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

മരിച്ച്‌ മാസങ്ങൾ പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തത് പാർട്ടി സമ്മേളനങ്ങളിലും ചർച്ചയായിരുന്നു.

Advertisement