സ്വപ്‌ന സുരേഷിന് വക്കീല്‍ നോട്ടീസ് അയച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

24

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണം പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന വെളിപ്പെടുത്തലില്‍ സ്വപ്‌ന സുരേഷിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ്. തളിപ്പറമ്പിലെ അഭിഭാഷകന്‍ മുഖേനയാണ് നോട്ടീസ് അയച്ചത്.
സ്വപ്‌ന സുരേഷ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്ന് നോട്ടീസില്‍ പറയുന്നു. നിയമനടപടിയില്‍ നിന്ന് ഒഴിവാകണമെങ്കില്‍ ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം. വിജേഷ് പിള്ളയ്ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ വിജേഷ് പിള്ള എന്നയാള്‍ മുഖേനെ തന്നെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു നേരത്തെ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. കേരളം വിട്ടുപോയില്ലെങ്കില്‍ പിന്നീട് ഒത്തുതീര്‍പ്പ് ഉണ്ടാകില്ലെന്നും ആയുസ്സിന് ദോഷംവരുമെന്നും പറയാന്‍ എം.വി ഗോവിന്ദന്‍ പറഞ്ഞതായി വിജേഷ് പിള്ള പറഞ്ഞുവെന്നും സ്വപ്‌ന ആരോപിച്ചിരുന്നു.

Advertisement
Advertisement