കോൺഗ്രസ് വിമതനെ മേയറാക്കുന്ന തൃശൂർ കോർപറേഷനിൽ ഡെപ്യൂട്ടി മേയർ സ്ഥാനം സി.പി.എം ഏറ്റെടുത്തു; സി.പി.ഐക്ക് പാർലമെണ്ടറി പാർട്ടി ലീഡർ പദവി

75

കോൺഗ്രസ് വിമതനെ മേയറാക്കി തൃശൂർ കോർപറേഷനിൽ ഭരണം ഇടതുമുന്നണി ഉറപ്പിച്ചപ്പോൾ സി.പി.ഐയുടെ കയ്യിലിരുന്ന ഡെപ്യൂട്ടി മേയർ സ്ഥാനം പോയി. ഡെപ്യൂട്ടി മേയർ പദവി സി.പി.എം ഏറ്റെടുത്തു. പകരം സി.പി.ഐക്ക് പാർലമണ്ടറി പാർട്ടി ലീഡർ പദവി നൽകും. കോൺഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച എം.കെ വർഗീസിനെ മേയറാക്കുന്നതിൽ ഇടതുമുന്നണിയിൽ ധാരണയായിരുന്നു. ആദ്യ രണ്ട് വർഷമാണ് വർഗീസിന് മേയർ പദവി നൽകുക. ഈ സമയത്ത് സി.പി.എം പ്രതിനിധി ഡെപ്യൂട്ടി മേയർ ആവും. ഏഴാം ഡിവിഷനിൽ നിന്നും വിജയിച്ച രാധികയെ ആണ് സി.പി.എം പരിഗണിച്ചിരിക്കുന്നത്. ഭരണ നിയന്ത്രണം കൈവിടാതിരിക്കാനാണ് സി.പി.എം ഡെപ്യൂട്ടി മേയർ പദവി ഏറ്റെടുത്തത്. പാർലമെണ്ടറി പാർട്ടി ലീഡർ ആയി സി.പി.ഐയിലെ സാറാമ്മ റോബ്സണെ ആണ് തീരുമാനിച്ചിട്ടുള്ളതെന്നാണ് സൂചന. വൈകീട്ട് തീരുമാനം പ്രഖ്യാപിക്കുമെന്ന് നേതാക്കൾ അറിയിച്ചു.