ഗവ.മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം പരിശോധന നടത്താതെ ബന്ധുക്കൾക്ക് വിട്ടുനൽകിയ സംഭവത്തിൽ ഓർത്തോ മൂന്ന് വിഭാഗം യൂണിറ്റ് ചീഫ് ഡോ. പി.ജെ ജേക്കബിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം. ഏകപക്ഷീയമായെടുത്ത നടപടിയിൽ പ്രതിഷേധിച്ച് ബുധനാഴ്ച ഒരു മണിക്കൂർ നേരം ഒ.പി വിഭാഗം ബഹിഷ്കരിക്കുമെന്ന് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ടീച്ചേർസ് അസോയിയേഷൻ അറിയിച്ചു. രാവിലെ 10 മുതൽ 11 വരെയാണ് ബഹിഷ്കരണ പ്രതിഷേധം. യഥാർഥ കുറ്റക്കാർക്കെതിരെ നടപടി എടുക്കാതിരിക്കുകയും യൂണിറ്റ് ചീഫ് എന്ന നിലയിലുള്ള ചുമതലകൾ കൃത്യമായി നിർവഹിക്കാൻ ശ്രമിക്കുകയും ചെയ്ത ഡോ. ജേക്കബിനെ ബലിയാടാക്കിക്കൊണ്ട് കുറ്റവാളികളെ സംരക്ഷിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ മരണം സ്ഥിരീകരിച്ചശേഷം മൃതശരീരം ബന്ധുക്കൾക്ക് മതാചാരപ്രകാരം മറവുചെയ്യുന്നതിനായി വിട്ടുനൽകുകയായിരുന്നു. നിയമപരമായ ചില ഉത്തരവാദിത്വങ്ങളിൽ ഡ്യൂട്ടി ഡോക്ടർമാരുടെ ഭാഗത്തുനിന്നും സംഭവിച്ച വീഴ്ച്ച കണ്ടെത്തിയപ്പോൾ അക്കാര്യം പരിഹരിക്കാനായുള്ള നടപടികൾ യൂണിറ്റ് ചീഫ് എന്ന നിലയിൽ ഡോ. ജേക്കബ് തല്സമയം തന്നെ സ്വീകരിക്കുകയായിരുന്നു. പ്രിൻസിപ്പൽ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയ പ്രാഥമിക റിപ്പോർട്ടിനെ മുഖവിലക്കെടുക്കാതെയും വിശദമായ അന്വേഷണം നടത്താതെയും ഡോ. ജേക്കബിനെതിരെ തിടുക്കത്തിലെടുത്ത ശിക്ഷണ നടപടിയിൽ പ്രതിഷേധിക്കുന്നതായും തീരുമാനം പുനപ്പരിശോധിക്കണമെന്നും ഇല്ലെങ്കിൽ പ്രതിഷേധനടപടികളുമായി മുന്നോട്ട് പോകുമെന്നും അസോസിയേഷൻ തൃശൂർ യൂണിറ്റ് പ്രസിഡണ്ട് ഡോ.അഞ്ജു മരിയം ജേക്കബ്, സെക്രട്ടറി ഡോ.മനുജോൺസ് ചൊവ്വല്ലൂർ എന്നിവർ അറിയിച്ചു.
തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ഓർത്തോവിഭാഗം മേധാവിയെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം: ഇന്ന് ഒ.പി ബഹിഷ്കരണ സമരവുമായി ഡോക്ടർമാർ
Advertisement
Advertisement