കയ്പമംഗലം നിയോജകമണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി കോൺഗ്രസിലെ ശോഭാ സുബിന് രണ്ട് മണ്ഡലങ്ങളിലായി മൂന്ന് വോട്ട്: ഉദ്യോഗസ്ഥരാണ് ഉത്തരവാദികളെന്ന് ശോഭാ സുബിൻ

47

ഇരട്ടവോട്ടുകളെക്കുറിച്ച് പ്രതിപക്ഷനേതാവ് ആരോപണമുന്നയിച്ചുകൊണ്ടിരിക്കേ, കയ്പമംഗലം നിയോജകമണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി കോൺഗ്രസിലെ ശോഭാ സുബിന് മൂന്ന് വോട്ട്. രണ്ട് നിയമസഭാമണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളിലായാണ് മൂന്ന്‌ വോട്ട്.

ഒരേ നമ്പറിലുള്ള രണ്ടെണ്ണമുൾപ്പെടെ മൂന്ന് തിരിച്ചറിയൽ കാർഡും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. എൽ.ഡി.എഫ്. നേതാക്കളാണ് രേഖകൾ പുറത്തുവിട്ടത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് പ്രകാരം കയ്പമംഗലം നിയോജകമണ്ഡലത്തിലെ കയ്പമംഗലം പഞ്ചായത്തിൽ ബൂത്ത് നമ്പർ 27-ൽ ക്രമനമ്പർ 763-ൽ TAB0759035 എന്ന നമ്പറിൽ ശോഭാ സുബിന് വോട്ടുണ്ട്.

ഇതേ നമ്പറിൽത്തന്നെ നാട്ടിക മണ്ഡലത്തിലെ വലപ്പാട് പഞ്ചായത്തിൽ 144-ാം നമ്പർ ബൂത്തിൽ ക്രമനമ്പർ 10-ലും ഇദ്ദേഹത്തിന് തിരിച്ചറിയൽ കാർഡുണ്ടെന്ന് എൽ.ഡി.എഫ്‌. നേതാക്കൾ പറയുന്നു. ഈ ബൂത്തിൽത്തന്നെ 1243 ക്രമനമ്പറിൽ DBD1446558 നമ്പറിൽ തിരിച്ചറിയൽ കാർഡും വോട്ടും ഉള്ളതായി അവർ ചൂണ്ടിക്കാട്ടി. സ്ഥാനാർഥി നിയമപ്രകാരം കുറ്റവാളിയാണെന്ന്‌ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു.

ഒന്നിൽ കൂടുതൽ സ്ഥലത്ത് വോട്ടുള്ളതിനെക്കുറിച്ച് അറിയില്ലെന്ന് ശോഭാ സുബിൻ പ്രതികരിച്ചു. വലപ്പാട് പഞ്ചായത്തിലെ തന്റെ വോട്ട് കയ്പമംഗലത്തേക്ക് മാറ്റിയിരുന്നു. ഇതിന്റെ ഹിയറിങ് കൊടുങ്ങല്ലൂർ സിവിൽ സ്റ്റേഷനിലെ തിരഞ്ഞെടുപ്പ് വിഭാഗത്തിലായിരുന്നു. അവിടെ ചോദിച്ചപ്പോൾ വലപ്പാട് പഞ്ചായത്തിലെ വോട്ട് റദ്ദായിക്കോളുമെന്ന മറുപടിയാണ് ലഭിച്ചത്.

വലപ്പാട് ഒരേ ബൂത്തിൽ രണ്ട് വോട്ടുണ്ടെന്നതിനെക്കുറിച്ച് അറിയില്ല. ഒരു കാർഡ്‌ ഉപയോഗിച്ചു മാത്രമാണ് വോട്ട് ചെയ്തിട്ടുള്ളത്. ജില്ലാപഞ്ചായത്തംഗമായിരുന്നപ്പോഴൊന്നും ഇത്തരമൊരു പരാതി ആരും പറഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റിയെങ്കിൽ അവരാണ് തിരുത്തേണ്ടതെന്നും ശോഭാ സുബിൻ പറഞ്ഞു.