ഇരട്ടവോട്ട് വിവാദം: പ്രതിപക്ഷം പുറത്തു വിട്ട പേരുകൾ ഭൂരിഭാഗവും ഇരട്ട സഹോദരങ്ങളുടെ; ഇരിക്കുന്ന കസേരയെ കുറിച്ചെങ്കിലും ഓർക്കണമെന്ന് ചെന്നിത്തലയെ രൂക്ഷമായി വിമർശിച്ച് എളമരം കരീമും

9

സംസ്ഥാനത്ത് ഇരട്ട വോട്ടുള്ളവരുടെ പട്ടിക വെബ്‌സൈറ്റിലൂടെ യു.ഡി.എഫ് പുറത്തുവിട്ടതിനു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് സി.പി.എം. എം.പി. എളമരം കരീം. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകള്‍ കണ്ടെത്തിയെന്ന ചെന്നിത്തലയുടെ ആരോപണം കാറ്റുപോയ ബലൂണിന്റെ അവസ്ഥയിലെത്തിയെന്ന് കരീം ആരോപിച്ചു. വെബ്‌സൈറ്റ് വഴി പുറത്തുവിട്ട പേരുകളില്‍ ഭൂരിഭാഗവും ഇരട്ട സഹോദരന്മാരോ സഹോദരിമാരോ ആണെന്നും കരീം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 

എളമരം കരീമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം 

പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പടച്ചുവിടുന്നതില്‍ അതി വിദഗ്ധനാണ്. പറയുന്ന കള്ളങ്ങള്‍ ഒരു വസ്തുതയുടെയും പിന്തുണയില്ലാതെ ആവര്‍ത്തിക്കാനും അവ കയ്യോടെ പിടിക്കപ്പെടുമ്പോള്‍ തെറ്റേറ്റുപറയാനുള്ള ആര്‍ജവം പോലും കാണിക്കാതെ മാധ്യമങ്ങളെയും സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെടുന്നവരെയും കുറ്റപ്പെടുത്തി നിര്‍ലജ്ജം അടുത്ത ആരോപണങ്ങളിലേക്ക് നീങ്ങാനും അദ്ദേഹം മടി കാണിക്കാറില്ല. ഇത്തരത്തില്‍ ഉണ്ടായില്ലാ വെടികള്‍ മുഴക്കുന്നതിന് മുന്‍പ്, താന്‍ ഇരിക്കുന്ന കസേരയുടെ മഹത്വത്തേക്കുറിച്ചെങ്കിലും അദ്ദേഹം ഒന്ന് ഓര്‍ക്കുന്നത് നല്ലതാവും.
കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തില്‍ ഇരട്ടവോട്ടുകള്‍ ഉള്ള ആള്‍ക്കാരെ കണ്ടെത്തുകയെന്ന വ്യാജേനെ സിപിഐഎമ്മിനെയും ഇടതുപക്ഷത്തെയും താറടിക്കാനുള്ള  വൃധാ വ്യായാമത്തിലായിരുന്നു അദ്ദേഹം. നാല് ലക്ഷത്തിലധികം ഇരട്ട വോട്ടര്‍മാരെ കണ്ടെത്തിയെന്ന അവകാശവാദത്തോടെ ഇന്നലെ അദ്ദേഹം ഒരു പുതിയ വെബ്‌സൈറ്റ് മുഖേനെ വോട്ടര്‍മാരുടെ പേരുകള്‍ പുറത്തുവിട്ടിരുന്നു. എല്ലായ്‌പ്പോഴത്തെയും പോലെത്തന്നെ ഈ ആരോപണവും കാറ്റുപോയ ബലൂന്നിന്റെ അവസ്ഥയിലായിരിക്കുകയാണ്. കുറെ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വോട്ടര്‍ പട്ടികയിലെ ഫോട്ടോകള്‍ തമ്മില്‍ ഒത്തുനോക്കിയാണ് അദ്ദേഹം ഈ മഹത്തായ കണ്ടുപിടുത്തം നടത്തിയത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഒന്നുകില്‍ അദ്ദേഹത്തിന്റെ ടീമിലുള്ളവര്‍ തന്നെ അദ്ദേഹത്തെ പറ്റിച്ചു. അല്ലെങ്കില്‍ ഇതൊന്നും ആരും വിശദമായി പരിശോധിക്കാന്‍ പോകുന്നില്ല എന്ന് അവര്‍ തെറ്റിദ്ധരിച്ചു. കാരണം, വെബ്‌സൈറ്റ് വഴി പുറത്തുവിട്ട പേരുകളില്‍ ഭൂരിഭാഗവും ഇരട്ട സഹോദരന്മാരോ സഹോദരിമാരോ ആണ്. പയ്യന്നൂര്‍ മണ്ഡലത്തിലെ ഒരു സഖാവാണ് എന്നെ ഈ കാര്യം വിളിച്ചറിയിക്കുന്നത്. ഒറ്റ നോട്ടത്തില്‍ തന്നെ അദ്ദേഹത്തിന്റെ പരിചയത്തിലുള്ള പത്തോളം ഇരട്ടകള്‍ പ്രതിപക്ഷ നേതാവിന്റെ  ലിസ്റ്റ് പ്രകാരം ഇരട്ട വോട്ടര്‍മാരായിരിക്കുന്നു.  അതായത് ഒന്നിലധികം വോട്ടുള്ളവര്‍ എന്ന നിലയില്‍ പേരുകള്‍ പുറത്തുവിട്ട് പതിനായിരക്കണക്കിന് ഇരട്ട സഹോദരങ്ങളെയാണ് പ്രതിപക്ഷ നേതാവ് പൊതു സമൂഹത്തിനുമുന്നില്‍ അപമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരുടെ പേര് ചേര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന പിശകുകളുടെയോ മറ്റ് സാങ്കേതിക പ്രശ്‌നങ്ങളുടെയോ ഭാഗമായി വോട്ടര്‍ ലിസ്റ്റില്‍ ഡ്യൂപ്ലിക്കെറ്റ് എന്‍ട്രി വരികയും ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ സഥലങ്ങളില്‍ വോട്ട് ഉണ്ടാവുകയും ചെയ്തു എന്നതൊഴിച്ചാല്‍ അദ്ദേഹത്തിന്റെ ലിസ്റ്റിലെ ബാക്കിയുള്ളവ മുഴുവന്‍ ഇരട്ടകളും സമാനമായ പേരുകളുള്ള വ്യത്യസ്ത വ്യക്തികളുമാണ്. ഫോട്ടോയില്‍ ഉള്ള മുഖ സാദൃശ്യം മൂലം സോഫ്റ്റ്വെയര്‍ അവരെ ഇരട്ട വോട്ടുള്ളവരായി തെറ്റിദ്ധരിച്ചു. അത് ഒരു മഹാ കാര്യമായി നമ്മുടെ പ്രതിപക്ഷ നേതാവ് വെബ്‌സൈറ്റ് വഴി പ്രസിദ്ധപ്പെടുത്തി. ഏന്തായാലും operation twins എന്ന പേരില്‍ അദ്ദേഹം പുറത്തുവിട്ട ഈ മഹാ സംഭവം പേരുപോലെതന്നെ ഇരട്ടകളെ കണ്ടെത്താനുള്ള ഒരു പ്രക്രിയയായി മാറി (ചുരുക്കത്തില്‍ പറഞ്ഞാല്‍ പേര് ആറം പറ്റി). കേരളത്തില്‍ വോട്ടവകാശമുള്ള മുഴുവന്‍ ഇരട്ടകളുടെയും വിവരങ്ങള്‍ ക്രോടീകരിച്ച് വെബ്‌സൈറ്റ് വഴി പ്രസിദ്ധപ്പെടുത്തിയ പ്രതിപക്ഷ നേതാവിന്റെ ഈ തമാശ ഏതായാലും നന്നായി. എത്രമാത്രം ലാഘവത്തോടെയും നിരുത്തരവാദപരമായുമാണ് പ്രതിക്ഷ നേതാവും അദ്ദേഹത്തിന്റെ കൂട്ടാളികളും സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ പടച്ചുവിടുന്നത് എന്നതിന് മറ്റൊരു തെളിവുകൂടി പൊതുസമൂഹത്തിന് മുന്നില്‍ വന്നിരിക്കുകയാണ്.
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ജനപ്രീതിയില്‍ വിറളിപൂണ്ട് ഇവര്‍ കാട്ടിക്കൂട്ടുന്ന ഇത്തരം കോപ്രായങ്ങള്‍ക്ക് ഒരു സോപ്പുകുമിളയുടെ ആയുസ്‌പോലും ഉണ്ടാകുന്നില്ലെങ്കിലും; അതെല്ലാം ഏറ്റുപിടിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും മാധ്യമങ്ങള്‍ പോലും രംഗത്തുവരുന്നു എന്നത് വളരെ ദുഃഖകരമായ ഒരു കാര്യം തന്നെയാണ്. പ്രതിപക്ഷവും മാധ്യമങ്ങളും ഇത്തരം കലാപരിപാടികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കട്ടെ. ജനങ്ങള്‍ അവരെ വിലയിരുത്തട്ടെ.
(എളമരം കരീം)