തിരഞ്ഞെടുപ്പ് പ്രവർത്തന വീഴ്ച: എറണാകുളം സി.പി.എമ്മിൽ കൂട്ട നടപടി

6

നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രവർത്തന വീഴ്ചയുമായി ബന്ധപ്പെട്ട് എറണാകുളം സി.പി.എമ്മിൽ കൂട്ട നടപടി. തൃപ്പുണിത്തുറ, തൃക്കാക്കര, പിറവം, പെരുമ്പാവൂർ എന്നീ മണ്ഡലങ്ങളിലെ തോൽവി സംബന്ധിച്ച് പാർട്ടി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി.

തൃക്കാക്കര മണ്ഡലത്തിലെ തോൽവിയുമായി ബന്ധപ്പെട്ട് സി.കെ. മണിശങ്കറെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കി. സി.എം സുന്ദരനെ ജില്ലാ കമ്മിറ്റിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റിയിട്ടുണ്ട്. തൃപ്പൂണിത്തുറയിൽ എം സ്വരാജിന്റെ തോൽവിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്.

പെരുമ്പാവൂരിൽ നിന്നുള്ള സിപിഎം നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എംസി മോഹനനെ പാർട്ടി താക്കീത് ചെയ്തു. പെരുമ്പാവൂരിൽ ഘടകകക്ഷി സ്ഥാനാർത്ഥിയുടെ പരാജയവുമായി ബന്ധപ്പെട്ടാണ് മോഹനനെ താക്കീത് ചെയ്തത്. 

അതേസമയം, പിറവം മണ്ഡലത്തിലെ പരാജയവുമായി ബന്ധപ്പെട്ട് കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഷാജു ജേക്കബിനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും ജില്ലാ കമ്മിറ്റിയിൽനിന്നും ഒഴിവാക്കി. 

നിയമസഭാ തിരഞ്ഞെടുപ്പ് വീഴ്ചകൾ പരിശോധിക്കാൻ പാർട്ടി രണ്ടംഗ കമ്മീഷനെ വെച്ചിരുന്നു. ഇവരുടെ പരിശോധനാ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ 12 നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇവരുടെ വിശദീകരണം കിട്ടിയതിന് പിന്നാലെയാണ് പാർട്ടി നടപടി ഉണ്ടായിരിക്കുന്നത്.